1
പുഞ്ചപ്പാടം

കുട്ടനാട് : പാടശേഖരങ്ങളിൽ വെള്ളം വറ്റിക്കുന്നതിനുള്ള വൈദ്യുതി ചാർജ് പാടശേഖര സമിതികളുടെ അക്കൗണ്ട്‌ വഴിയാക്കാനുള്ള കൃഷിവകുപ്പിന്റെ നീക്കം വിവാദത്തിലേക്ക്. വൈദ്യുതി ചാർജ് കൃഷിവകുപ്പ് വൈദ്യുതി വകുപ്പിന് നേരിട്ട് അടയ്‌ക്കുന്നതാണ് നിലവിലുള്ള രീതി. ഇത് തകിടം മറിയ്‌ക്കുന്നത് കൃഷിക്കുണ്ടാകുന്ന വൈദ്യുതി ചെലവ് മുഴുവൻ തങ്ങളിൽ നിന്ന് ഈടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് കർഷകരും പാടശേഖരസമിതികളും പ്രതിഷേധത്തിലാണ്.

കൃഷിവകുപ്പ് അടുത്തിടെ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളെല്ലാം തങ്ങൾക്ക് വൻ സാമ്പത്തിക ബാദ്ധ്യത അടിച്ചേൽപ്പിക്കുന്നതാണെന്ന് കർഷകർ പറയുന്നു. മുൻകാലങ്ങളിൽ കൃഷിക്ക് വൈദ്യുതി നൽകിയതിന്റെ ഭാഗമായി കൃഷിവകുപ്പിനുള്ള ബാദ്ധ്യത ഇതുവരെ സർക്കാർ ഒഴിവാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ കൃഷിവകുപ്പിൽ നിന്ന് പണം അക്കൗണ്ടിൽ എത്താൻ വൈകിയാൽ വൈദ്യുതി ചാർജിന്റെ ബാദ്ധ്യത പാടശേഖര സമിതിയുടെ തലയിലാകുമെന്നാണ് ആശങ്ക.

കൃഷിവകുപ്പ് പിന്തിരിയണം

വൈദ്യുതി സബ്സിഡി നിറുത്തലാക്കാൻ നേരത്തെ നീക്കമുണ്ടായി. ഇപ്പോഴത്തെ പരിഷ്കാരം അതിനു മുന്നോടിയായുള്ള ചതിക്കുഴിയാണെന്ന് സംശയിക്കുന്നു. അടുത്തിടെ വിളയിറക്കിയ ശേഷം ഇൻഷ്വറൻസ് ആനൂകൂല്യത്തിനുള്ള അപേക്ഷ ഓൺലൈനാക്കി. ഇതോടെ പല കർഷകർക്കും സമയത്ത് പദ്ധതിയിൽ ചേരാനായില്ല. കർഷകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് കൃഷിവകുപ്പ് പിന്തിരിയണം

- സി.വി. രാജീവ്

കോൺഗ്രസ് കുട്ടനാട് നോർത്ത് മണ്ഡലം പ്രസിഡന്റ്

പമ്പിംഗ് സബ്സിഡി നിർത്തലാക്കുന്നതിന് മുന്നോടിയായി നടത്തുന്ന ശ്രമമാണിത്. സർക്കാർ അക്കൗണ്ടിലേക്ക് പണം എത്തുന്നത് വൈകിയാൽ കൃത്യസമയത്ത് വൈദ്യുതി ചാർജ് അടയ്ക്കാനുള്ള ബാദ്ധ്യത പാടശേഖരസമിതികളുടെ തലയിലാകും. ഇതോടെ പാടശേഖരസമിതികളും വൈദ്യുതി വകുപ്പ് ജീവനക്കാരും തമ്മിൽ തർക്കം ഉടലെടുക്കാം

- സ്റ്റിഫൻ സി. ജോസഫ്, സെക്രട്ടറി

വെളിയനാട് പറമ്പടി പൊന്നാംപാക്ക പാടശേഖരം