
ഉത്പാദനം കുറഞ്ഞു; ഓർഡറുമില്ല
ആലപ്പുഴ: ഉത്പാദനം കുറഞ്ഞതും നിർമ്മിച്ചവ കെട്ടിക്കിടക്കുന്നതും കയർ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ഒന്നര ലക്ഷത്തോളം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. കയറ്റുമതിക്കാരിലേറെയും ഉത്പന്നങ്ങൾ വാങ്ങുന്നത് ഇടനിലക്കാർ വഴിയായതിനാൽ 600 കയർപിരി സംഘങ്ങളും കുറഞ്ഞ വിലയ്ക്ക് കയർ ഉത്പന്നങ്ങൾ വിൽക്കേണ്ടിവരുന്നു. ഒരു ലക്ഷത്തിലേറെ കുടുംബങ്ങളാണ് ഇവയെ ആശ്രയിച്ച് ജീവിക്കുന്നത്. ഇതുകൂടാതെ 52ലധികം കയർ ഉത്പാദക സംഘങ്ങളുമുണ്ട്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന 40,000 തൊഴിലാളികൾക്കും തുച്ഛ വരുമാനമാണ്. വിദേശ ഒാർഡറുകൾ കയർ കോർപറേഷൻ വഴി ഉത്പാദക സംഘങ്ങൾക്ക് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, കാര്യമായ ഓർഡറുകൾ ലഭിക്കുന്നില്ല.
പണിയും കൂലിയും മുടങ്ങിയതോടെ തൊഴിലാളികൾ മറ്റ് ജോലികൾ തേടുകയാണ്. ഓർഡർ കുറഞ്ഞതോടെ ചെറുകിട ഉത്പാദകർക്കും വരുമാനമില്ലാതായി. സേവന - വേതന വ്യവസ്ഥയിലെ പ്രശ്‌നങ്ങൾ ഒരു വശത്ത്. വിപണി കണ്ടെത്താനുള്ള ഊർജ്ജിത ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാത്തത് മറുവശത്ത്. അടിക്കടി മേളകൾ നടത്തിയതുകൊണ്ടു മാത്രം എങ്ങനെ കയറുത്പന്നങ്ങൾ വിറ്റുപോകും? കയർ മേഖലയെ രക്ഷിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് ഭരണപക്ഷ യൂണിയനുകളും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
സംസ്ഥാനത്തൊട്ടാകെയുള്ള 600 കയർപിരി സംഘങ്ങളിലേറെയും ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിലാണ്- 335 എണ്ണം. ഇവിടെ ഉത്പാദിപ്പിച്ച കയർ കെട്ടിക്കിടക്കുകയാണ്.
തൊണ്ട് തമിഴ്നാട്ടിലേക്ക്
തൊണ്ട് സംഭരണം കാര്യക്ഷമമല്ല. കേരളത്തിലെ തൊണ്ട് മുൻകൂർ വില നൽകി തമിഴ്നാട് സംഭരിക്കുന്നു
ആവശ്യമുള്ള ചകിരിയുടെയും കയറിന്റെയും 40 ശതമാനമേ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുള്ളൂ
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളാണ് ബാക്കി എത്തിക്കുന്നത്
സംഘങ്ങളിൽ നിന്ന് കയർ ശേഖരിക്കുന്നത് മുടങ്ങുന്നില്ല. ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നുണ്ടാകാം
- അഡ്വ. എൻ. സായ്‌കുമാർ
പ്രസിഡന്റ്, കയർഫെഡ്
ചെറുകിട സംഘങ്ങൾക്ക് ഒാർഡർ കാര്യമായി കിട്ടുന്നില്ല. കയറ്റുമതിക്കാരും മന്ത്രിയുമായി വീണ്ടും ചർച്ച നടത്തും
- ജി. വേണുഗോപാൽ
ചെയർമാൻ,കയർ കോർപ്പറേഷൻ
ഉത്പന്നങ്ങൾ കെട്ടിക്കിടക്കുകയാണ്. ഇടനിലക്കാരെ ഒഴിവാക്കണം. 23 മുതൽ കയറ്റുമതി സ്ഥാപനങ്ങളുടെ മുന്നിൽ സമരം നടത്തും
-എൻ.പി. പവിത്രൻ, സംസ്ഥാന പ്രസിഡന്റ്
കയർ മാനുഫാക്‌ചേഴ്സ് ഫെഡറേഷൻ
നക്കാപ്പിച്ചയാണ് കൂലി ലഭിക്കുന്നത്. മാർച്ച് 15 മുതൽ എ.ഐ.ടി.യു.സി സംസ്ഥാന വ്യാപകമായി സമരം നടത്തും
-പി.വി.സത്യനേശൻ, സംസ്ഥാന സെക്രട്ടറി
തിരുവിതാംകൂർ കയർ ഫാക്‌ടറി വർക്കേഴ്സ് യൂണിയൻ