s

ആലപ്പുഴ : കൂടുതൽ ഡീസൽ വാങ്ങുന്ന സ്ഥാപനങ്ങൾക്കുള്ള ഇന്ധനവില എണ്ണക്കമ്പനികൾ കുത്തനെ വർദ്ധിപ്പിച്ചത് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി. ജില്ലയിൽ പ്രതിദിനം രണ്ട് ലക്ഷം രൂപയുടെ അധിക ചിലവ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകും.

ഇത് മറികടക്കാൻ ഡിപ്പോതലത്തിൽ സ്വകാര്യ പമ്പുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഡീസൽ വാങ്ങാനുള്ള ആലോചനയും കെ.എസ്.ആർ.ടി.സി അധികൃതർ ആരംഭിച്ചു. കെ.എസ്.ആർ.ടി.സിയെ ഇന്ധനക്കമ്പനികൾ ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽപ്പെടുത്തിയതാണ് വിലകൂടാൻ കാരണം.

നിലവിൽ സ്വകാര്യ പമ്പുകൾക്ക് ഒരുലിറ്ററിന് 91.42രൂപക്ക് ലഭിക്കുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് 98.15രൂപയ്ക്കാണ് ഡീസൽ ലഭിക്കുക. ഒരു ലിറ്ററിന് 6.73 രൂപയാണ് സ്വകാര്യപമ്പുകളുമായുള്ള വില വ്യത്യാസം. സംസ്ഥാനത്ത് പ്രതിദിനം 50,000 ലിറ്ററിൽ കൂടുതൽ ഡീസൽ ഉപയോഗിക്കുന്നത് കെ.എസ്.ആർ.ടി.സി മാത്രമാണ്.


ഇന്ധന ചിലവ് കൂടിയെങ്കിലും സർവീസ് കുറയ്ക്കില്ല

ഇന്നധവില വർദ്ധിപ്പിച്ചെങ്കിലും സ്കൂളുകൾ തുറന്നതോടെ യാത്രാദുരിതം ഒഴിവാക്കാൻ നിലവിലുള്ളതിനേക്കാൾ 20 ശതമാനം സർവീസ് വർദ്ധിപ്പിക്കാൻ ഡി.ടി.ഒ എല്ലാ എ.ടി.ഒമാർക്കും നിർദേശം നൽകിയിരുന്നു. ഓർഡിനറി ബസുകളുടെ സർവീസാണ് വർദ്ധിപ്പിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ നിന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലേക്കുള്ള ദീർഘദൂരസർവീസുകളും ജില്ലക്ക് ഉള്ളിലുള്ള ഓർഡിനറി സർവീസുകളും പരിമിതപ്പെടുത്തിയിരുന്നു. ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയതോടെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിലും കളക്ഷനിലും വൻകുറവുണ്ടായിരുന്നു.

ഡീസൽ വിലയും സർവീസുകളും

നേരത്തേ ലഭിച്ചു കൊണ്ടിരുന്നത്......................................................₹89

എണ്ണക്കമ്പനികളുടെ പുതുക്കിയ വില.................................₹ 98.15

സ്വകാര്യ പമ്പിലെ വില ..............................................................................₹ 91.l42

പ്രതിദിനം വേണ്ടത് ................................................................................ 20,000 ലിറ്റർ

സർവീസ് നടത്തുന്ന ബസുകൾ............................................. 230 മുതൽ 250വരെ

പ്രതിദിന കളക്ഷൻ....................................................................... 32ലക്ഷംരൂപ

' കൊവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാൾ യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനാൽ വരുമാനം ഇപ്പോൾ മൂന്നിലൊന്നായിചുരുങ്ങി. നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടില്ല

- വി. അശോക് കുമാർ,ഡി.ടി.ഒ, ആലപ്പുഴ