അമ്പലപ്പുഴ: നീർക്കുന്നം കളപ്പുരക്കൽ ശ്രീ ഘണ്ടാ കർണ സ്വാമി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും .രാവിലെ 7 30 നും 8 നു ഇടയിൽ ഞാറയ്ക്കൽ സുകുമാരൻ തന്ത്രി കൊടിയേറ്റ് നിർവഹിക്കും. കഴിഞ്ഞ വർഷത്തേതു പോലെ ആറാട്ട് ആനയെ ഒഴിവാക്കി രഥത്തിലാണ് നടത്തുന്നത്. കൊടിയേറ്റ് ദിവസം ശാന്തി മഠം സമുച്ചയത്തിന്റെ ഉദ്ഘാടനവും നടക്കും. രണ്ടേകാൽ ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച 15 നിരീക്ഷണ ക്യാമറകളുടെ സ്വിച്ച് ഓൺ അമ്പലപ്പുഴ സി.ഐ ദ്വിജേഷ് നിർവഹിക്കും.പുതുതായി പണി കഴിപ്പിച്ച കാണിക്കമണ്ഡപത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. കൊവിഡ് കണക്കിലെടുത്ത് അന്നദാനം ഒഴിവാക്കി കഞ്ഞി സദ്യയാണ് നടത്തുന്നത്. ഉത്സവ ദിവസങ്ങളിൽ താലപ്പൊലി വരവ്, ശ്രീഭൂത ബലി, വിളക്കെഴുന്നെള്ളിപ്പ്, നാരായണീയ പാരായണം, ഭക്തിഗാന സുധ തുടങ്ങിയവ ഉണ്ടാകും.ആറാം ഉത്സവ ദിവസമായ വെള്ളിയാഴ്ച രാവിലെ 9.30ന് ദേവിക്ക് വിശേഷാൽ കുങ്കുമാഭിഷേകം. ശനിയാഴ്ച തടി പുഴുക്ക് പ്രദക്ഷിണവും തടി നിവേദ്യവുമുണ്ടായിരിക്കും. ഞായറാഴ്ച വൈകിട്ട് 6.15ന് ദീപക്കാഴ്ചയും 7.30 ന് സർപ്പ ബലിയും തളിച്ചു കൊടയും . ഒമ്പതാം ഉത്സവ ദിവസം നീർക്കുന്നം കടപ്പുറത്ത് മീനൂട്ടും സമുദ്ര പൂജയും. ശിവരാത്രി ദിനമായ മാർച്ച് ഒന്നിന് ഉച്ചക്ക് ഒന്നിന് ആറാട്ട് പുറപ്പെടും. വൈകിട്ട് 6:30ന് ദീപാരാധനക്ക് ശേഷം തിരിപിടിത്തവും നടക്കും. 8 ന് ആകാശ ദീപക്കാഴ്ച.