അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിൽ നിന്ന് കാണാതായ അന്തേവാസിയെ തോട്ടപ്പള്ളി സ്പിൽവേ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഹിന്ദി മാത്രം സംസാരിക്കുന്ന ഷാഹുൽ എന്ന ചന്ദ്രു (31) ആണ് ശാന്തിഭവൻ അധികൃതരുടെ കണ്ണുവെട്ടിച്ച് ബുധനാഴ്ച വൈകിട്ട് കടന്നു കളഞ്ഞത്. തുടർന്ന് പല ഭാഗത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസും അന്വേക്ഷണം ഊർജിതമാക്കിയിരുന്നു. ഇന്നലെ പുറക്കാട് സ്വദേശി ജിജോ വിളിച്ചറിയിച്ചതനുസരിച്ച് നടത്തിയ തിരച്ചിലാണ് സ്പിൽവേക്കു സമീപത്തു നിന്ന് ഇയാളെ കണ്ടെത്തിയത്. തുടർന്ന് ശാന്തിഭവനിൽ എത്തിച്ചു.