nalukathan-varpp

മാന്നാർ: മാന്നാറിന്റെ വെങ്കലപ്പെരുമയ്ക്ക് മാറ്റു കൂട്ടുന്ന രണ്ട് ടൺ ഭാരം വരുന്ന നാലുകാതുള്ള ഭീമൻ വാർപ്പ് ഇന്ന് ഗുരുവായൂരപ്പന് സമർപ്പിക്കും. ശബരിമല, ഏറ്റുമാനൂർ, പാറമേക്കാവ് തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ സ്വർണ്ണക്കൊടിമര നിർമ്മാണം നടത്തിയ മാന്നാർ പരുമല പന്തപ്ലാ തെക്കേതിൽ കാട്ടുമ്പുറത്ത് അനന്തൻ ആചാരിയും മകൻ അനു അനന്തനുമാണ് വാർപ്പിന്റെ ശില്പികൾ. നാല്പതോളം തൊഴിലാളികൾ മൂന്നു മാസത്തോളം അശ്രാന്ത പരിശ്രമം നടത്തിയാണ് പതിനേഴര അടി വ്യാസമുള്ള വാർപ്പ് നിർമ്മിച്ചത്. പൂർണ്ണമായും ശുദ്ധമായ വെങ്കല പഴയോടിലാണ് നിർമ്മാണം. പാലക്കാട് സ്വദേശിയായ കെ.കെ. പരമേശ്വരൻ നമ്പൂതിരിയുടെയും കുടുംബത്തിന്റെയും വഴിപാടായ ഈ വാർപ്പിൽ നാളെ പാൽപ്പായസം തയ്യാറാക്കി ഗുരുവായൂരപ്പന് നിവേദിക്കും.

ഗുരുവായൂർ ക്ഷേത്രത്തിന്റെ തെക്കേനട വഴി ക്രെയിനിന്റെ സഹായത്തോടെ കൂത്തമ്പലത്തിനു മുന്നിൽ എത്തിച്ച വാർപ്പ് ഇന്ന് രാവിലെ 9.30ന് ശീവേലിക്ക് ശേഷം ഗുരുവായൂരപ്പന് സമർപ്പിക്കും.

ഡിസംബർ മാസത്തിലെ ശക്തമായ മഴ മൂലം നിർമ്മാണം വൈകുമോ എന്ന് ശങ്കയുണ്ടായിരുന്നെങ്കിലും വേഗത്തിൽ തീർക്കാനായത് ഗുരുവായൂരപ്പന്റെ അനുഗ്രഹത്താലാണെന്ന് അനന്തൻ ആചാരി പറയുന്നു.