
ആലപ്പുഴ: അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്തിനെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയത് തലവടി നിവാസികളെ ഭീതിയിലാഴ്ത്തി. പോത്തിനെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിനിടെ ഇറച്ചിക്കട ഉടമയുടെ മകനും ജീവനക്കാരനും പോത്തിനെ കണ്ട് ഭയന്നോടുന്നതിനിടെ നിലത്ത് വീണ് പെൺകുട്ടിക്കും പരിക്കേറ്റു. നാടിനെ വിറപ്പിച്ച പോത്തിനെ ഫയർഫോഴ്സ് സംഘം അതിസാഹസികമായി പിടിച്ചു കെട്ടി ഉടമക്ക് കൈമാറി.
വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവങ്ങൾക്ക് തുടക്കം. ആര്യാട് പള്ളിക്ക് സമീപത്തെ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഇറച്ചിക്കടയിലേക്ക് കൊണ്ടുവന്ന പോത്തിനെ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ കഴുത്തിൽ കെട്ടിയ കയർ പൊട്ടി. ഇതോടെ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിനിടെ ബഷീറിന്റെ മകൻ സജീർ (43), ഇറച്ചിക്കടയിലെ ജോലിക്കാരൻ സിയാദ് (43) എന്നിവർക്ക് പരിക്കേറ്റു. കൊമ്പുകൊണ്ടുള്ള കുത്തിൽ സജീറിന്റെ കൈയ്ക്കും സിയാദിന്റെ കാലിനും മുറിവേറ്റു. മുന്നോട്ട് ഓടിയ പോത്തിന് കണ്ട് പേടിച്ചാണ് വഴിയാത്രക്കാരിയായ പെൺകുട്ടി നിലത്തു വീണത്. പരിക്കേറ്റ എല്ലാവരും അടുത്തുള്ള ആശുപത്രിയിൽ ചികിത്സതേടി.
പോത്ത് പിന്നീട് കാളികാവ് ക്ഷേത്രത്തിന് സമീപത്ത ചതുപ്പുപാടത്തിന് സമീപം നിലയുറപ്പിച്ചു. ക്ഷേത്ര കാവിന് ഉള്ളിലൂടെ വേണം ചതുപ്പിലേക്ക് എത്താൻ. ഇറച്ചിക്കടയിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഒമ്പതിന് പോത്തിനെ പിടിക്കാൻ എത്തിയതോടെ വീണ്ടും അക്രമാസക്തമായി. തുടർന്ന് ഫയർഫോഴ്സിന്റെ സഹായം തേടി. ആലപ്പുഴയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് ജീവനക്കാരിൽ ചിലർ ക്ഷേത്രകാവിലെ മരത്തിൽ കയറി ഇരുവശത്തേക്കും വലിക്കാൻ കഴിയുന്ന തരത്തിൽ പോത്തിന്റെ കഴുത്തിൽ കുരുക്കിട്ടു. ഫയർഫോഴ്സ് നിയന്ത്രണത്തിലാക്കിയ പോത്തിനെ ഉച്ചക്ക് 12 മണിയോടെ സമീപത്തെ കൈതപ്പൊന്തയിൽ കെട്ടി ഉടമയെ ഏല്പിച്ചു. ഫയർ സ്‌റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടൻ, അസി. സ്‌റ്റേഷൻ ഓഫീസർ വാലന്റയിൻ, നെൽസൺ ഡിക്രൂസ്, പ്രശാന്ത്, ജോബിൻ വർഗീസ്, കെ.ആർ.വിപിൻ രാജ്, അനീഷ്, രതീഷ്, സന്തോഷ്, ആന്റണി ജോസഫ്, ടി. ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോത്തിനെ പിടിച്ചുകെട്ടിയത്.