ഹരിപ്പാട് : മലയാളഭാഷ മറ്റു ഭാഷകളുടെ സ്വാധീന വലയത്തിൽപ്പെട്ടു വളർച്ച മുരടിച്ച കാലഘട്ടത്തിൽ ഭാഷാ നവോത്ഥാന ത്തിനുവേണ്ടി വേണ്ടതെല്ലാം ചെയ്ത കേരളവർമ്മ വലിയ കോയി തമ്പുരാന്റെ ജന്മദിനമായ ഫെബ്രുവരി 19 ഭാഷാ നവോത്ഥാന ദിനമായി ആചരിക്കാൻ സർക്കാർ തീരുമാനിക്കണമെന്ന് കേരള വർമ്മ സ്മാരക ട്രസ്റ്റ്‌ സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള കാളിദാസന്റെ നൂറ്റി എഴുപത്തിയെട്ടാം ജന്മദിനാഘോഷ ഉദ്ഘാടനത്തോടനുബന്ധമായി അനന്തപുരം കൊട്ടാരത്തിലെ അസ്ഥിത്തറയിൽ പുഷ്‌പാർച്ചന നടത്തി. ജന്മദിന സമ്മേളനത്തിൽ ട്രസ്റ്റ്‌ പ്രസിഡന്റ്‌ സുരേഷ് മണ്ണാറശാല അദ്ധ്യ ക്ഷത വഹിച്ചു. മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരുവാറ്റ പങ്കജാക്ഷൻ കേരള കാളിദാസ അനുസ്മരണം നടത്തി. യോഗത്തിൽ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഇംഗ്ലീഷ് സാഹിത്യത്തിലെ ജൂനിയർ ഫെലോഷിപ്പ് നേടിയ ബിനു വിശ്വനാഥിനെ ട്രസ്റ്റ്‌ സെക്രട്ടറി പൂമംഗലം രാജഗോപാൽ പൊന്നാട ചാർത്തി ആദരിച്ചു. സമ്മേളനത്തിൽ ഡോ. വി. ബി. പ്രസാദ്, ആർ. രാഘവവർമ്മ , ബി. വിജയൻ നായർ, വി. കെ. കേരള വർമ്മ, കെ. രാമവർമ്മ, ശെൽവറാണി, മഹി ഹരിപ്പാട് എന്നിവർ സംസാരിച്ചു.