 
മാന്നാർ: ഏവരിലും അമ്പരപ്പും കൗതുകവും ഉണർത്തുന്ന ഒന്നാണ് മാന്നാർ തൃക്കുരട്ടി മഹാദേവർക്ഷേത്രത്തിന്റെ ഭീമാകാരമായ ചുറ്റുമതിൽ. കേരളത്തിലെ പ്രശസ്തമായ പല ക്ഷേത്രങ്ങളുടെയും ചുറ്റുമതിലിന്റെ നിർമ്മിതിപോലെയാണെങ്കിലും ശിവന്റെ ഭൂതഗണങ്ങൾ ഒറ്റരാത്രികൊണ്ട് കെട്ടിത്തീർത്തതെന്നാണ് ഐതീഹ്യം. മതിലിന്റെ 98ശതമാനം പണി പൂർത്തീകരിച്ചപ്പോൾ നേരംപുലർന്നെന്നും ബാക്കി പണിഉപേക്ഷിച്ച് ഭൂതഗണങ്ങൾ പോയെന്നും പഴമക്കാർ പറയുന്നു. ഇതിന്റെ നിർമ്മാണത്തിനായി മണ്ണ്ചുമന്ന കുട്ട തട്ടിയാണ് കുന്നത്തുംകാവ് ഉണ്ടായതെന്നും ഐതിഹ്യമുണ്ട്. മാന്നാർ ടൗണിൽ തലയെടുപ്പോടെ നില്ക്കുന്ന കൂറ്റൻ മതിലിനു ഏതാണ്ട് 12 അടിയോളം ഉയരമുണ്ട്. പൂർണമായും വെട്ടുകല്ലാൽ നിർമ്മിക്കപ്പെട്ട ഈ മതിൽക്കെട്ടിനു നാലുചുറ്റും റോഡാണുള്ളത്. വടക്ക് വശത്ത് മാന്നാർ പോസ്റ്റ് ഓഫീസ്, കെ.എസ്.ഇ.ബി, പൊലീസ് സ്റ്റേഷൻ എന്നിവ സ്ഥിതി ചെയ്യുന്നു. കിഴക്കു ഭാഗത്ത് മത സൗഹാർദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന വിഷ്ണു നടയിൽ നാനാ ജാതി മതസ്ഥരും ചന്ദനത്തിരിയും കർപ്പൂരവും എണ്ണയും അർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.
ക്ഷേത്രത്തിൽ ഇന്ന്
ശ്രീബലി രാവിലെ 7ന് ,ഭാഗവതപാരായണം 7.30ന്, സഹസ്ര കലശാഭിഷേകം 10 മുതൽ ഉച്ചയ്ക്ക് 1 വരെ,ദീപാരാധന വൈകിട്ട് 6.30 ന് , നൃത്ത അർപ്പണം 7.30 ന്