
ചേർത്തല: സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി വഴി നടപ്പാക്കുന്ന വിശപ്പുരഹിത ചേർത്തല പദ്ധതി മുടങ്ങാതെ 1500ദിനങ്ങൾ പിന്നിടുന്നു. ഇതിന്റെ ഭാഗമായി ജനകീയ സഹകരണം വിപുലമാക്കുന്ന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. 27ന് പദ്ധതിയുടെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുന്ന ജനകീയ ഐക്യദാർഢ്യദിനമായി ആചരിക്കുമെന്ന് ചെയർമാൻ കെ.പ്രസാദ്,കൺവീനർ കെ.രാജപ്പൻനായർ,സെക്രട്ടറി പി.എം.പ്രവീൺ,കെ.കെ.പ്രതാപൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇതിനായി 432 സ്‌ക്വാഡുകൾക്ക് രൂപം നൽകി. 5000 പ്രവർത്തകരാണ് ജനകീയ ഐക്യദാർഢ്യദിനത്തിൽ ഭവന സന്ദർശനത്തിനിറങ്ങുന്നത്.
ഒരു പൊതിച്ചോറിനായുള്ള പങ്കാളിത്തമെങ്കിലും ഓരോ വീട്ടിൽ നിന്നും ഉറപ്പാക്കിയായിരിക്കും പ്രവർത്തനം.ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പഞ്ചായത്തിലും തുടക്കമായി. ഇതിന്റെ ഭാഗമായി സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ,ദലീമ ജോജോ എം.എൽ.എ,ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ്.ഷാജി,ബിനിതാ പ്രമോദ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ്,മുനിസിപ്പൽ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ തുടങ്ങിയവർ ഭക്ഷണവിതരണത്തിൽ പങ്കാളികളായി.ഒരാഴ്ച ഏക്യദാർഢ്യദിനത്തിന്റെ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും പങ്കെടുക്കും.ചേർത്തല നഗരസഭയിലെയും തൈക്കാട്ടുശേരി ബ്ലോക്ക് പരിധിയിലെ അഞ്ചു പഞ്ചായത്തിലെയും 305 നിരാലംബർക്കാണ് വീടുകളിൽ ഉച്ചഭക്ഷണമെത്തിച്ചു നൽകുന്നത്.1000ത്തിലധികം കിടപ്പുരോഗികളെ വീടുകളിൽ പരിചരിക്കുന്നതിനു പുറമെയാണ് വിശപ്പകറ്റുന്ന പ്രവർത്തനം.പദ്ധതി പ്രകാരം ഇതുവരെ അഞ്ചുലക്ഷത്തിലധികം ഭക്ഷണപൊതികളാണ് വിതരണം ചെയ്തത്. ജനകീയ സഹകരണത്തിൽ നടപ്പിലാക്കിയ പദ്ധതിയിൽ വിദേശരാജ്യങ്ങളിൽ നിന്നുപോലും അന്വേഷണങ്ങളും സഹകരണവുമുണ്ടായി.