uniform
താമരക്കുളം ഗ്രാമ പഞ്ചായത്തിലെ തന്റെ സഹപ്രവർത്തകരായ ഹരിത കർമ്മ സേനാംഗൾക്കു നൽകുവാൻ സഹപ്രവർത്തകയായ ശാന്തകുമാരി എത്തിച്ച യൂണിഫോം പ്രസിഡന്റ് ജി.വേണുവിന് കൈമാറുന്നു.

ചാരുംമൂട് : ഹരിത കർമ്മസേനയിൽ ഒപ്പുള്ള അംഗങ്ങൾക്ക് സ്നേഹ സമ്മാനമായി ശാന്തകുമാരി യൂണിഫോമുകൾ നൽകി. താമരക്കുളം ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനാംഗം വേടരപ്പാവ് സ്വദേശി ശാന്തകുമാരിയാണ് തന്റെ സഹപ്രവർത്തകരായ ഹരിത കർമ്മ സേനാംഗങ്ങളുടെ ആവശ്യം മനസിലാക്കി യൂണിഫോമുകളുമായി എത്തിയത്.

ഹരിത കർമ്മ സേനയിൽ ശാന്തകുമാരിയടക്കം 29 അംഗങ്ങളാണ് ഉള്ളത്. കഴിഞ്ഞ നാലു വർഷത്തോളമായി ഇവർ ഒറ്റ യൂണിഫോമുമായിട്ടാണ് ജോലിക്കെത്തിയിരുന്നത്. പകരം യൂണിഫോമിനായി സ്പോൺസർമാരെ തേടിയെങ്കിലും ലഭിച്ചിച്ചിരുന്നില്ല. സഹപ്രവർത്തകരുടെ ഈ ബുദ്ധിമുട്ട് ശാന്തകുമാരിക്ക് ശരിക്കും ബോദ്ധ്യമുണ്ടായിരുന്നു.

രണ്ടു മാസം മുമ്പ് ശാന്തകുമാരിയുടെ മകൾ രശ്മിയ്ക്ക് എൻജിനീയറായി യു.കെയിൽ ജോലി ലഭിച്ചു.

ജോലി ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാൻ അമ്മയുടെ സഹപ്രവർത്തകർക്ക് എന്താണ് നൽകേണ്ടതെന്ന് മകൾ ചോദിച്ചപ്പോൾ അവർക്ക് യൂണിഫോം നൽകിയാൽ മതിയെന്ന് ശാന്തകുമാരി അറിയിക്കുകയായിരുന്നു.. തുടർന്ന് രശ്മി സഹായമെത്തിച്ചതോടെയാണ് ശാന്തകുമാരി യൂണിഫോമുമായി സഹപ്രവർത്തകരുടെ അടുത്ത് എത്തിയത്.

പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജി.വേണു യൂണിഫോം ഏറ്റുവാങ്ങി ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിതരണം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ, അസി.സെക്രട്ടറി ജയകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ഡി.സതി, ബിന്ദു, ബീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.