മാവേലിക്കര : താലൂക്ക് സഹകരണ ബാങ്കിനെ സംരക്ഷിക്കാൻ കൺസോർഷ്യം രൂപീകരിക്കാൻ സഹകരണവകുപ്പ് ഡപ്യൂട്ടി റരജിസ്ട്രാറുടെ സാന്നിധ്യത്തിൽ ആലപ്പുഴ കേരള ബാങ്ക് ഹാളിൽ നടന്ന ജില്ലയിലെ സഹകരണ ബാങ്ക് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗത്തിൽ ധാരണയായി. ഇതനുസരിച്ചു ഫണ്ട് ശേഖരണം, വിനിയോഗം എന്നിവയുടെ മാനേജരായി ചെന്നിത്തല സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ളയെ നിയോഗിച്ചു. ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളുടെ പ്രതിനിധികൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 102 പേർ യോഗത്തിൽ പങ്കെടുത്തു.

താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിൽ 38 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് നഷ്ടത്തിലായ ബാങ്കിനെ കരകയറ്റുന്നതിനും നിക്ഷേപകരെ സംരക്ഷിക്കുന്നതിനുമായി കെ.ഗോപൻ പ്രസിഡന്റായുള്ള ബാങ്ക് ഭരണസമിതി സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ മുഖേന സർക്കാരിന് പാക്കേജ് സമർപ്പിച്ചിരുന്നു. കൺസോർഷ്യം വഴി 25 കോടിയോളം രൂപ സമാഹരിച്ച് വിവിധ വായ്പ പദ്ധതികൾ നടപ്പിലാക്കി ബാങ്കിനെ ലാഭത്തിലാക്കും. സമാഹരിക്കുന്ന തുകയ്ക്കും വിനിയോഗത്തിനും കൺസോർഷ്യം മേൽനോട്ടം വഹിക്കും. ജില്ലയിലെ സഹകരണ ബാങ്കുകൾ ഭരണസമിതി യോഗം ചേർന്നു നൽകാൻ സാധിക്കുന്ന തുക തീരുമാനിച്ച് അധികൃതരെ അറിയിക്കും. ഇതിനു ശേഷമാകും പദ്ധതികൾ ആസൂത്രണം ചെയ്തു ബാങ്കിനെ ലാഭത്തിലാക്കാനുള്ള നടപടികൾ കൺസോർഷ്യം ഏറ്റെടുത്ത് നടപ്പാക്കുക.