ആലപ്പുഴ: നഗരസഭ പരിധിയിൽ പവർഹൗസ് വാർഡിൽ വാടക്കനാലിൽ അറവ് മാലിന്യം തള്ളിയവർക്കെതിരെ കേസെടുത്തു. പുന്നപ്ര പുതുവലിൽ സിനാജ്, ഹാഷിം എന്നിവർ അതിരാവിലെ വാടക്കനാലിൽ മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജാഗ്രതാ സമിതി അംഗങ്ങൾ ഫോട്ടോയെടുത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി. ജെ.എച്ച്.ഐ അനിക്കുട്ടന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പിന്തുടർന്ന് വാഹനം പിടി കൂടുകയായിരുന്നു.
ഇവരെ നഗരസഭ അധ്യക്ഷ സൗമ്യരാജ് , കൗൺസിലർ ഹെലൻ ഫെർണാണ്ടസ് , ജെ.എച്ച്.ഐ അനിക്കുട്ടൻ എന്നിവർ ചേർന്ന് നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അറവുശാലകളിൽ നിന്ന് ശേഖരിക്കുന്ന അറവുമാലിന്യം രാത്രി വിവിധ ഇടങ്ങളിൽ നിക്ഷേപിക്കുന്നതായിരുന്നു ഇവരുടെ തടവ്. ഷുക്കൂർ എന്നയാളുടെ ഉടമസ്ഥതയിലെ വാഹനത്തിലായിരുന്നു മാലിന്യം കടത്തി വന്നിരുന്നത്. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ നഗരസഭ ആരോഗ്യ വിഭാഗം രാത്രി കാല പരിശോധനകളടക്കം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.