
മാവേലിക്കര : മന്ത്രിയായിരിക്കെ ഡോ.എം.കെ.മുനീർ യാത്രചെയ്ത സ്വകാര്യവാഹനം ഇടിച്ച് മരിച്ച ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിലെ മലയാളം പ്രൊഫസർ ശശികുമാറിന്റെ അവകാശികൾക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മാവേലിക്കര എം.എ.സി.ടി കോടതി ജഡ്ജി കെന്നത്ത് ജോർജ് വിധിച്ചു. 2015 മേയ് 18ന് രാത്രി 11 മണിക്ക് കായംകുളം കമലാലയം ജംഗ്ഷനിൽ ശശികുമാർ സ്കൂട്ടറിൽ എൻ.എച്ച് 66 മുറിച്ചു കടക്കുമ്പോൾ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് യാത്രചെയ്ത മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു.
സ്വകാര്യവാഹനം മന്ത്രിയുടെ യാത്രയ്ക്കായി കേരളാ സ്റ്റേറ്റ് ബോർഡും ചുവന്ന ബീക്കൺ ലൈറ്റും വച്ച് ഉപയോഗിച്ചത് മറച്ചുവെച്ച് ഇൻഷ്വറൻസ് കരാർ ലംഘിച്ചു എന്ന എച്ച്.ഡി.എഫ്.സി ജനറൽ ഇൻഷ്വറൻസ് കമ്പനിയുടെ തർക്കം കോടതി അംഗീകരിച്ചു. ഇൻഷ്വറൻസ് കമ്പനി ശശികുമാറിന്റെ അവകാശികൾക്ക് നൽകുന്ന നഷ്ടപരിഹാരത്തുക വാഹന ഉടമയിൽ നിന്ന് ഈടാക്കാൻ കോടതി അനുവദിച്ചു. സർക്കാരിനുവേണ്ടി സ്വകാര്യവാഹനം ഓടിച്ചതിനാൽ കേസിൽ കക്ഷിചേർത്ത സംസ്ഥാന സർക്കാർ നഷ്ടപരിഹാരത്തുക നൽകണമെന്ന ഇൻഷ്വറൻസ് കമ്പനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ശശികുമാറിന്റെ അവകാശികൾക്കുവേണ്ടി അഡ്വ.സാം വർഗീസും ഇൻഷ്വറൻസ് കമ്പനിക്കുവേണ്ടി അഡ്വ.ഉമ്മൻ തോമസും ഹാജരായി.