
ആലപ്പുഴ: ഒരു വശത്ത് കോടികൾ മുടക്കി സൗന്ദര്യവത്കരണം നടക്കുമ്പോൾ മറുവശത്ത് മാലിന്യം നിക്ഷപിക്കുന്നു. ആലപ്പുഴയിലെ കനാൽക്കരയിലാണ് ഈ അവസ്ഥ നിലനിൽക്കുന്നത്. നവീകരണപ്രവർത്തനങ്ങൾ നടക്കുന്ന വാടക്കനാൽ കരയിൽ കഴിഞ്ഞദിവസം അറവുശാല മാലിന്യങ്ങൾ നിക്ഷേപിച്ച സംഭവമാണ് ഇക്കൂട്ടത്തിൽ ഒടുവിലത്തേത്.
തലവടി മുതൽ മണ്ണഞ്ചേരി വരെയുള്ള ഭാഗത്തും കലവൂർ പ്രദേശത്തും വഴിയോരങ്ങളിലും ഇത്തരം മാലിന്യ ചാക്കുകൾ നിക്ഷേപിക്കുന്നത് സ്ഥിരം സംഭവമാണ്. ഓരോ നൂറ് മീറ്റർ വ്യത്യാസത്തിലും മാലിന്യം തള്ളുകയാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ജാഗ്രതാ സമിതിയും നഗരസഭാ ആരോഗ്യവിഭാഗവും ഉണർന്നു പ്രവർത്തിച്ചതിനാലാണ് വാടക്കനാലിൽ പ്രതികളെ കൈയോടെ പിടികൂടാനായത്. എന്നാൽ 99 ശതമാനം പ്രതികളും രാത്രിയുടെ മറവിൽ കണ്ണുവെട്ടിച്ച് കടക്കുകയാണ്.
മാലിന്യ നിക്ഷേപം ചോദ്യം ചെയ്താൽ ആക്രമണമുണ്ടാകുമോ എന്ന് ഭയന്നാണ് പലരും കണ്ണടയ്ക്കുന്നതെന്നും നാട്ടുകാർ പറയുന്നു. വഴിയോരത്തെ മാലിന്യം വാഹനങ്ങളുടെ ടയറിലും വശങ്ങളിലും മറ്റും പറ്റുന്നതും പതിവാണെന്ന് പരാതിയുണ്ട്.
അടച്ചുപൂട്ടി ആധുനിക അറവുശാല
ഏറെ പ്രതീക്ഷകളോടെ ഉദ്ഘാടനം നടത്തിയ ആലപ്പുഴയിലെ ആധുനിക അറവുശാല പ്രവർത്തന രഹിതമായിട്ട് പത്ത് വർഷങ്ങൾ പിന്നിട്ടു. ഇതിനിടെ പുന:രാരംഭിക്കാൻ പല പദ്ധതികളും വാഗ്ദാനങ്ങളും വന്നെങ്കിലും ഒന്നും നടപ്പിലായില്ല. ഇതോടെയാണ് നാട്ടിൽ വീണ്ടും അറവുമാലിന്യ നിക്ഷേപം പെരുകിയത്. ഒരു കോടിയോളം രൂപ മുതൽ മുടക്കിയാണ് 2010ൽ വഴിച്ചേരിയിൽ ആധുനിക അറവുശാല ആരംഭിച്ചത്. എന്നാൽ ശാലയുടെ പൾവനൈസർ പണിമുടക്കിയതോടെ പ്രവർത്തനം നിലച്ചു. കശാപ്പിന് കൊണ്ടുവരുന്ന കാലികളെ പരിശോധിക്കുന്നതിന് ഡോക്ടറുടെ സേവനം, അറവുമാലിന്യം സംസ്ക്കരിക്കാനുള്ള സംവിധാനം, വൃത്തിയുള്ള സാഹചര്യം എന്നിവയായിരുന്നു കേന്ദ്രത്തിന്റെ പ്രത്യേകതകൾ. പക്ഷേ ബയോഗ്യാസ് പ്ലാന്റ് പൊട്ടി ദുർഗന്ധം വമിച്ചതോടെ മലിനീകരണ നിയന്ത്രണബോർഡ് ഇടപെട്ട് കേന്ദ്രത്തിന് പൂട്ടിട്ടു. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി കഴിഞ്ഞ നഗരസഭ ശുചിത്വ മിഷന് സമർപ്പിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. നിലവിൽ ഏയറോബിക് കമ്പോസ്റ്റ് യൂണിറ്റിലെ പ്ലാസ്റ്റിക്കിന്റെ വേർതിരിക്കൽ ജോലികളാണ് വർഷങ്ങളായി ഇവിടെ നടക്കുന്നത്. നഗരത്തിലെ അറവുശാലകളിൽ നിന്നുള്ള മാലിന്യം സ്വകാര്യ ഏജൻസികളാണ് പണം നൽകി സ്വീകരിക്കുന്നതെന്ന് ആരോഗ്യ വകുപ്പധികൃതർ പറയുന്നു. ഈ പ്രവർത്തനം സുതാര്യമായി നടക്കുന്നില്ല.
............................
അറവുശാലകളിലെ മാലിന്യ ശേഖരണത്തിന് നഗരസഭ മുൻകൈയെടുത്ത് ഏജൻസിയെ നിയമിക്കും. ഓരോ ശാലകളിലെയും മാലിന്യം നിലവിൽ എവിടേയ്ക്ക് കൊണ്ടുപോകുന്നു എന്ന് പരിശോധിക്കാൻ സ്ക്വാഡുകൾ ഇറങ്ങിയിട്ടുണ്ട്.
സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ