
ആലപ്പുഴ: കെ.എസ്.ആർ.ടി.സിയിൽ കയറി ഉച്ചത്തിൽ പാട്ടും കേട്ട് കാഴ്ചകൾ ആസ്വദിച്ച് പോകുന്നവർക്ക് ഇനി മുതൽ ഹെഡ് സെറ്റ് നിർബന്ധം. ബസിനുള്ളിൽ മൊബൈൽ ഫോണുൾപ്പടെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉയർന്ന ശബ്ദത്തിൽ ഉപയോഗിക്കുന്നത് നിരോധിച്ചു. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുള്ള ഉത്തരവ്.
യാത്രാവേളയിൽ ചിലർ അമിത ശബ്ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തിൽ വീഡിയോ ഗാനങ്ങൾ എന്നിവ ശ്രവിക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുണ്ടാകുന്നുവെന്ന നിരവധി പരാതികളാണ് റിപ്പോർട്ട് ചെയ്തത്. എല്ലാത്തരം യാത്രക്കാരുടേയും താത്പര്യങ്ങൾ സംരക്ഷിച്ച് കൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് ശ്രമം. നിരോധനം ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. ഇത് കൂടാതെ ബസിനുള്ളിൽ ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും ഈ നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. ചില ബസുകളിൽ ജീവനക്കാർ തന്നെ യാത്രക്കാർക്ക് വേണ്ടി ഗാനങ്ങൾ കേൾപ്പിക്കുന്ന പതിവിനും ഇതോടെ വിലക്ക് വീഴുകയാണ്.