we

ഹരിപ്പാട്: കടലേറ്റം രൂക്ഷമായ ആറാട്ടുപുഴയുടെ തീരത്ത് സുരക്ഷയേകാൻ ടെട്രാപോഡുകൾ ഒരുങ്ങുന്നു. സുനാമിയുടെ താണ്ഡവവും അടിയ്ക്കടിയുണ്ടാകുന്ന കടലാക്രമണങ്ങളും തീർത്ത ദുരിതങ്ങളുടെ കണ്ണുനീർ അലയടിക്കുന്ന ആറാട്ടുപുഴ തീരജനതയ്ക്ക് ആശ്വാസവും പ്രതീക്ഷയുമാണ് പുലിമുട്ട്. പുലിമുട്ട് നിർമ്മാണം പൂർത്തിയാകുന്നതോടെ വർഷാ വർഷം കടൽ സമ്മാനിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരമാകുമെന്നാണ് തീരദേശ ജനതയുടെ പ്രതീക്ഷ. പ്രതിദിനം 80 മുതൽ 85 വരെ ടെട്രാപോഡുകളാണ് ഇവിടെ നിർമിക്കുന്നത്. ആയിരക്കണക്കിന് ടെട്രാപോഡുകൾ ഇതിനകം നിർമ്മിച്ച് കഴിഞ്ഞു. കടലിലേക്ക് വിവിധ വലിപ്പത്തിൽ കരിങ്കൽ ചിറ നിർമിച്ചതിന് ശേഷം അതിന് മുകളിലായി ടെട്രാപോഡുകൾ പൊതിഞ്ഞാണ് പുലിമുട്ടുകൾ നിർമിക്കുന്നത്. ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ഭാഗത്തും കരിങ്കൽ ചിറകെട്ടുന്ന പണിക്ക് തുടക്കമായി. ശാസ്ത്രീത്രീയമായ പഠനത്തിന് ശേഷം ചെന്നൈ ഐ.ഐ.ടി വിദഗ്ദർ തയ്യാറാക്കിയ മാതൃകയിലാണ് പുലിമുട്ടുകളുടെ നിർമ്മാണം.

.......

# നിർമ്മാണ ചെലവ്

പതിയാങ്കരയിൽ ....................................₹17.33 കോടി

ആറാട്ടുപുഴ ബസ് സ്റ്റാൻഡ് .................₹ 22.29 കോടി

വട്ടച്ചാലിൽ...............................................₹25 കോടി

.....

# പുലിമുട്ടിന് കരയിൽ നിന്ന് 20 മുതൽ 40 വരെ മീറ്റർ നീളം

# അടിഭാഗത്ത് 20 മുതൽ 32 മീറ്റർ വരെ വീതി

# മുകളിൽ അഞ്ചു മുതൽ ആറു മീറ്റർ വരെ വീതി

# സമുദ്ര നിരപ്പിൽ നിന്ന് നാലു മീറ്റർ വരെ ഉയരം

.....

'' തീരദേശ സംരക്ഷണം ലക്ഷ്യമാക്കി നിർമ്മാണം പുരോഗമിക്കുന്ന പുലിമുട്ടുകൾ എത്രയും വേഗം പൂർത്തിയാക്കണം. അടുത്ത മഴക്കാലത്തിന് മുമ്പ് പൂർണമായും നിർമ്മാണം പൂർത്തിയാക്കി തീരദേശ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം.

(സതീഷ് മണിയൻ, പ്രദേശവാസി)

'' ആറാട്ടുപുഴയ്ക്കും എ.കെ.ജി നഗറിനും ഇടയ്ക്കായി നിർമ്മിക്കുന്ന പുലിമുട്ടുകൾ കരയുമായി തുല്യ പൊക്കത്തിൽ കടലിലേക്ക് നിർമ്മിക്കാത്തത് അശാസ്ത്രീയമായി മാറുന്നുണ്ട്. അത് വരും കാലങ്ങളിൽ പുലിമുട്ടുകളുടെ നാശത്തിനും തീരം അതിവേഗം കടലെടുക്കുന്നതിനും സാദ്ധ്യതയുണ്ട്.

(എം.ദീപക് ,ബി.ജെ.പി ആറാട്ടുപുഴ നോർത്ത് പഞ്ചായത്ത് കമ്മറ്റി ജന.സെക്രട്ടറി)