k

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പെർമിറ്റ് പുതുക്കുന്നതിനുള്ള സംയുക്ത പരിശോധന അനന്തമായി നീളുമ്പോൾ മത്സ്യത്തൊഴി​ലാളി​കൾ കുഴങ്ങുകയാണ്. മണ്ണെണ്ണ കരി​ഞ്ചന്തയി​ൽ നി​ന്ന് വാങ്ങി​ നടുവൊടി​യുന്ന അവസ്ഥയാണ് ഇവർക്ക്. എട്ടുവർഷമായി പെർമിറ്റ് പരിശോധന നടത്താത്തതിനാൽ പുതിയ എൻജിനുകൾക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട അവസ്ഥയുണ്ട്.

മത്സ്യഫെഡ്, സിവിൽ സപ്ളൈസ്, ഫിഷറീസ് വകുപ്പുകൾ ചേർന്നാണ് പരിശോധന നടത്തി പെർമിറ്റ് അനുവദിക്കുന്നത്. ഡിസംബറിൽ നടത്താൻ തീരുമാനിച്ച സംയുക്ത പരിശോധന നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണു പെട്ടെന്നു മാറ്റിയത്.

പഴയ പെർമിറ്റുകൾ കൂടുതലും കരിഞ്ചന്തക്കാരുടെ കൈകളിലാണ്. പെർമിറ്റ് കിട്ടാത്തതിനാൽ കരിഞ്ചന്തയിൽ മണ്ണെണ്ണ വാങ്ങേണ്ട സ്ഥി​തി​യിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തന്നെ പ്രതിസന്ധിയിലാണ്.. ലിറ്ററിന് 92.40രൂപ നിരക്കിലാണ് കരിഞ്ചന്തയിൽ നിന്ന് മണ്ണെണ്ണ വാങ്ങുന്നത്. ചെറുവള്ളങ്ങൾക്ക് ദിവസം കുറഞ്ഞത് 60 ലി​റ്ററെങ്കിലും മണ്ണെണ്ണ വേണം. പെർമിറ്റ് ഇല്ലാത്തതിനാൽ ലി​റ്ററിനു 90 രൂപയിലധികം വില നൽകിയാണ് കരിഞ്ചന്തയിൽ മണ്ണെണ്ണ വാങ്ങുന്നത്. ഇങ്ങനെ കടലിൽ പോകാൻ ദിവസം ചുരുങ്ങിയത് 5,000 രൂപയെങ്കിലും ഇന്ധനത്തിനു മാത്രം ചെലവഴിക്കേണ്ടി വരും. കടം വാങ്ങി കടലിൽ പോയാലും മണ്ണെണ്ണയുടെ പണത്തിനുള്ള മത്സ്യം ലഭിക്കാറില്ല. പലപ്പോഴും ഇന്ധന ചെലവിനുള്ള കാശ് പോലും ലഭിക്കാറില്ല. ഡിസംബർ മുതൽ മാർച്ച് വരെ മത്സ്യമേഖലയിൽ വറുതിയുടെ കാലമാണ്. ഈ സമയം ബോട്ടുകളുടെയും വള്ളങ്ങളുടെയും അറ്റകുറ്റപ്പണികൾക്ക് വലിയ തുകയാണ് വേണ്ടിവരിക. ഇൻബോർഡ് വള്ളങ്ങൾ കടലിൽ ഇറക്കാൻ 50 ലക്ഷത്തിലധികം രൂപ വേണ്ടിവരും. ബാങ്ക് വായ്പയെടുത്തും കൊള്ളപ്പലിശയ്ക്ക് കടംവാങ്ങിയുമാണ് പലരും വള്ളം വാങ്ങുന്നത്. വായ്പ തിരിച്ചടവിനും പലിശ നൽകുന്നതിനുമുള്ള പണം പോലും ലഭിക്കാതാകുന്നതോടെ മത്സ്യത്തൊഴിലാളികൾ കടക്കെണിയിലേയ്ക്ക് കൂപ്പുകുത്തും.

# സബ്സിഡി കമ്മി​

കരിഞ്ചന്തയിൽ മണ്ണെണ്ണക്ക് ലിറ്ററിന് 50രൂപയുള്ളപ്പോഴാണ് മത്സ്യഫെഡിൽ നിന്ന് ലിറ്ററിന് 25രൂപ സബ്സിഡി അനുവദിച്ചത്. ഇപ്പോൾ കരിഞ്ചന്തയിൽ നൂറ് രൂപയോളം വില എത്തിയപ്പോഴും സബ്സിഡി 25രൂപയാണ്. കഴിഞ്ഞ കുറേ മാസമായി സബ്സിഡി ലഭിക്കുന്നില്ല. മത്സ്യ മേഖലയിൽ വറുതിയുടൈ കാലമാണ്. തീടദേശവാസികൾ ദൈനംദിന ജീവിതത്തിന് പെടാപാട് പെടുകയാണ്.

ഔട്ട്‌ബോഡ് എൻജിൻ മണ്ണെണ്ണ പെർമിറ്റ്

ലിറ്ററിൽ

9.9കുതിര ശക്തി: 129

15കുതിര ശക്തി: 136

15കുതിര ശക്തിയ്ക്ക് മുകളിലുള്ളത്: 180

ഇപ്പോൾ

ഏത് കുതിരശക്തിക്കും: 40ലിറ്റർ മാത്രം

'' മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണ്ണെണ്ണ, ഡീസൽ, പെട്രോൾ എന്നിവയ്ക്ക് സബ്സിഡി നൽകണം. സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് 25 രൂപയ്ക്ക് മണ്ണെണ്ണ നൽകുമെന്ന് പ്രഖ്യാപിക്കണം. നിലവിലുള്ള സബ്സിഡി 50രൂപയായി വർദ്ധി​പ്പിക്കുകയും തമിഴ്നാട്ടിൽ മത്സ്യതൊഴിലാളികൾക്ക് നൽകുന്നതുപോലെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തി കുറഞ്ഞ വിലക്ക് മണ്ണെണ്ണ ലഭിക്കുന്നതിനുള്ള സംവിധാനം സർക്കാർ ഒരുക്കണം.

വി. ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ