
ഹരിപ്പാട് : മണ്ണാറശാല രാജീവ്ഗാന്ധി ലൈബ്രററിക്ക് മൂന്ന് സെന്റ് സ്ഥലവും സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത രണ്ട് നിർദ്ധന കുടുംബങ്ങൾക്ക് 2 സെന്റ് സ്ഥലം വീതവും നൽകി രണ്ട് കുടുംബങ്ങൾ മാതൃകയായി . മണ്ണാറശാല സുരഭിയിൽ താന്നിക്കൽ ആർ.എസ് ഭവനത്തിൽ ആർ. സുരേഷ് കുമാർ (എൽ. ഐ. സി ഉണ്ണി ) ,ഭാര്യ ജി.കൃഷ്ണകുമാരി , കരുവാറ്റ പള്ളേമ്പിൽ വീട്ടിൽ രാധാകൃഷ്ണ പിള്ള , ഭാര്യ എസ്.ഗീതാകുമാരി എന്നീ രണ്ട് കുടുംബങ്ങളാണ് തങ്കളുടെ പേരിലുണ്ടായിരുന്ന 7 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ വർഷങ്ങളായി വാടകവീട്ടിൽ കഴിഞ്ഞിരുന്ന മണ്ണാറശ്ശാല പാവനാൽ പടീറ്റതിൽ സിന്ധു , പനമൂട്ടിൽ തെക്കതിൽ അഖില എന്നീ നിർദ്ധന കുടുംബങ്ങൾക്കാണ് 2 സെന്റ് സ്ഥലം വീതം നൽകിയത്. ഈ ആധാരങ്ങൾ ഉടമസ്ഥർ രമേശ് ചെന്നിത്തല എം. എൽ. എയ്ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, താലൂക്ക് ലൈബ്രററി കൗൺസിൽ സെക്രട്ടറി സി. എൻ. എൻ നമ്പി, രാജീവ് ഗാന്ധി ലൈബ്രററി പ്രസിഡന്റ് എസ്. ദീപു, സെക്രട്ടറി അഡ്വ.ബി. ശിവപ്രസാദ്, ലൈബ്രറേറിയൻ മിനി സാറാമ്മ, മുൻ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ഷംസുദീൻ കായിപ്പുറം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.