
ആലപ്പുഴ: പുറക്കാട് പഞ്ചായത്ത് എട്ടാം വാർഡിൽ അപകടഭീഷണി ഉയർത്തി വാട്ടർ അതോറിട്ടിയുടെ ഓവർഹെഡ് ടാങ്ക് . എസ്.എൻ.ഡി.പി യോഗം തോട്ടപ്പള്ളി 321-ാം നമ്പർ ശാഖയോഗം ഓഫീസിനോട് ചേർന്ന് നിൽക്കുന്ന ഓവർഹെഡ് ടാങ്ക് ഏത് നിമിഷവും നിലം പതിക്കാവുന്ന നിലയിലാണ്. വരൾച്ച ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 32 വർഷം മുമ്പാണ് ടാങ്കും പമ്പ് ഹൗസും ഗുരുമന്ദിരം ഗ്രൗണ്ടിൽ സ്ഥാപിച്ചത്. അഞ്ച് ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന ഓവർഹെഡ് ടാങ്ക്
40 മീറ്റർ ഉയരത്തിലാണ് നിർമ്മിച്ചത്. കാലപ്പഴക്കത്താൽ ടാങ്കിന്റെ മുകൾഭാഗത്തെ മകുടവും ടാങ്കിന് ചുറ്റുമുള്ള കൈവിരിയുടെ പൈപ്പും കോൺക്രീറ്റ് തൂണുകളും ദ്രവിച്ച അവസ്ഥയിലാണ്. ടാങ്കിന്റെ തകർന്ന ഭാഗം പൊളിച്ച് പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ പഞ്ചായത്തിലും ജല അതോറിട്ടിയിലും പരാതി നൽകിയിട്ടും അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കൃത്യമായ അറ്റകുറ്റപണി നടത്താതെ വന്നതാണ് ടാങ്കിന്റെ ബലക്ഷയത്തിന് കാരണം. ടാങ്കിന്റെ നേരെ അടിഭാഗത്താണ് ആർ.ഒ പ്ളാന്റും പൊതുടാപ്പും സ്ഥാപിച്ചിട്ടുള്ളത്. സമീപത്തെ ഗുരുക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർക്കും സമീപവാസികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ടാങ്ക് ഭീഷണിയാണ്. ടാങ്കിന്റെ മുകൾ ഭാഗം നിലംപൊത്തിയാൽ വൻ അപകടത്തിന് വഴിയൊരുക്കും.
കാലാവധി കഴിഞ്ഞു
വാട്ടർ അതോറിട്ടിയുടെ നിയമം അനുസരിച്ച് ഓവർഹെഡ് ടാങ്ക് സ്ഥാപിച്ചാൽ 30വർഷമാണ് കാലാവധി. പമ്പ്, മോട്ടോർ എന്നിവയ്ക്ക് കാലാവധി 15വർഷമാണ്. കാലാവധിക്കുള്ളിൽ പുതിയ പദ്ധതി നടപ്പാക്കി കുടിവെള്ള വിതരണം നടത്തണമെന്നാണ് ചട്ടം. എന്നാൽ ഈ ചട്ടം ജലഅതോറട്ടി പാലിച്ചിട്ടില്ല.
............
" കുടിവെള്ള വിതരണം മുടങ്ങാതെ അപകടം ഉയർത്തുന്ന ഓവർഹെഡ് ടാങ്കിന്റെ മകുടത്തിന്റെയും കൈവിരിയുടെയും തകരാർ പരിഹരിക്കാൻ ആവശ്യമായ നടപടി ബന്ധപെട്ട വകുപ്പ് സ്വീകരിക്കണം.
കെ. വേണുഗോപാൽ, മുൻ സെക്രട്ടറി, എസ്.എൻ.ഡി.പിയോഗം , തോട്ടപ്പള്ളി ശാഖ