kizhakke-vathil

മാന്നാർ: തൃക്കുരട്ടി മഹാദേവർക്ഷേത്രത്തിന്

കേരളീയ വാസ്തുകലയുടെയും തച്ചുശാസ്ത്രത്തിന്റെയും സകലപ്രൗഢിയും വിളിച്ചോതുന്ന

നാല് കവാടങ്ങളാണുള്ളത്. ഏതാണ്ട് ഏഴേക്കറിനടുത്ത് വിസ്തൃതിയുള്ള തൃക്കുരട്ടി മതിലകത്തിന്റെ കിഴക്കും പടിഞ്ഞാറും ഉന്നതിയിലുള്ള ഇരുനില ഗോപുരങ്ങളാണുള്ളത് . സംസ്ഥാന പാതയോരത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നതിനാൽ പടിഞ്ഞാറേ ഗോപുരവാതിലാണ് കൂടുതൽപേരും അറിയുന്നത്. ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ട് അഭിമുഖമായതിനാൽ പ്രാധാന്യം കിഴക്കേ ഗോപുര വാതിലിനാണ്. കരിങ്കൽപ്പടവുകൾ കയറിവേണം കിഴക്കേ ഗോപുരവാതിലിൽ കൂടി അകത്തേക്ക് കടക്കുവാൻ. അലങ്കാരഗോപുരങ്ങൾ മാളിക സമ്പ്രദായത്തിലാണ് പണിതിരിക്കുന്നത്. താഴത്തെ നിലയിൽ പലക അടിച്ചിരിക്കുകയാണ്. താഴെനിന്നും മുകളിലേക്ക് കയറുവാനായി മരപ്പലകയിൽ തീർത്ത ഏണിയും സ്ഥാപിച്ചിട്ടുണ്ട്.

10 അടി ഉയരത്തിലും 10 അടി വീതിയിലും പിടിപ്പിച്ചിരിക്കുന്ന വാതിലിന്റെ ഒരുപാളി മാത്രമാണ് സാധാരണ തുറന്നിടാറ്. ശിവരാത്രിഉത്സവം പോലെയുള്ള വിശേഷാവസരങ്ങളിൽ വാതിൽപാളികൾ മുഴുവനായി തുറന്നിടുന്നു. ഗജവീരന്മാർക്ക് അനായാസമായി വാതിലുകളിലൂടെ അകത്തേക്ക് കയറാവുന്ന രീതിയിലാണ് നിർമ്മാണം. തെക്കുംവടക്കുമായി ചെറിയ ഗോപുരവാതിലുകളാണുള്ളത്. വടക്കേഗോപുരത്തിന് നേരെയുള്ള വഴി വഴിയമ്പലം എന്നാണ് അറിയപ്പെടുന്നത്. പമ്പാനദിയുടെ കൈവരി ഒഴുകുന്നിടത്തേക്കാണ് ഈ വഴി ചെന്നെത്തുന്നത്.

#ക്ഷേത്രത്തിൽ ഇന്ന്
ശ്രീബലി രാവിലെ 7ന് ,​ഭാഗവതപാരായണം 7.30ന്, സഹസ്ര കലശാഭിഷേകം ​10 മുതൽ ഉച്ചയ്ക്ക് 1 വരെ, ദീപാരാധന വൈകിട്ട് 6.30 ന് , സംഗീതനിശ 7.30 ന്