
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റായിരുന്നുവെന്നും എല്ലാത്തിനും പിന്നിൽ ഗോകുലം ഗോപാലനാണെന്നും സുഭാഷ് വാസു വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഇനിയുള്ള കാലം വെള്ളാപ്പള്ളി നടേശനൊപ്പമുണ്ടാകും. വെള്ളാപ്പള്ളി നടേശനാണ് ശരി. സംഘടനാ സംവിധാനത്തിൽ താനുണ്ടാകാൻ കാരണം വെള്ളാപ്പള്ളിയാണ്. ഗോകുലം ഗോപാലൻ പറഞ്ഞുപറ്റിച്ച് കൊണ്ടുപോവുകയായിരുന്നു. അച്‌ഛന്റെ പ്രായമുള്ള വെള്ളാപ്പള്ളിയോട് ക്ഷമ ചോദിക്കുന്നു - ഹരിപ്പാട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സുഭാഷ് വാസു പറഞ്ഞു.
വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചത് ഗോകുലം ഗോപാലന്റെ പ്രലോഭനത്തിനു വഴങ്ങിയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ കട്ടച്ചിറ ശ്രീ വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനീയറിംഗിന്റെ രക്ഷകനാകുമെന്നു കരുതിയ ഗോകുലം ഗോപാലൻ കാലനായി മാറി. കോളേജിന്റെ പ്രതിസന്ധി തീർക്കാൻ 15 കോടി രൂപ വാഗ്‌ദാനം ചെയ്‌തു. ഒരുകോടി രൂപ ആദ്യം നൽകി. ബാക്കി തുക വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ അസത്യങ്ങൾ പറയിപ്പിച്ച ശേഷം കൈമാറി. ഓഹരി എടുക്കാമെന്ന് വാഗ്ദാനം നൽകിയ ഗോപാലൻ പിന്നീട് കോളേജിന്റെ ആധാരം പണയപ്പെടുത്തി ബാങ്ക് വായ്പയ്ക്ക് ശ്രമിച്ചു.
ഇതോടെ, കോളേജ് കൈവശപ്പെടുത്താൻ ഗോപാലൻ നടത്തിയ വഞ്ചന തിരിച്ചറിഞ്ഞ് സമുദായ അംഗങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ വെള്ളാപ്പള്ളി നടേശന്റെയും തുഷാർ വെള്ളാപ്പള്ളിയുടെയും സഹായം തേടുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനം നിലനിറുത്താനായി എല്ലാ സഹായവും തുഷാർ വാഗ്ദാനം ചെയ്‌തു. ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമായിരുന്നു എല്ലാം. യോഗത്തിന്റെയും സമുദായത്തിന്റെയും വളർച്ചയ്ക്ക് കാൽ നൂറ്റാണ്ട് പ്രവർത്തിച്ച വെള്ളപ്പള്ളി നടേശന്റെ സംഘടനാ പാടവം ആർക്കും നിഷേധിക്കാനാവില്ല. യോഗത്തിന്റെയോ ബി.ഡി.ജെ.എസിന്റെയോ ഒരു ഭാരവാഹിത്വവും വേണ്ട.
സഹായിക്കാനെത്തി എസ്.എൻ.ഡി. പി യോഗത്തിന്റെയും ശാഖകളുടെയും സ്ഥാപനങ്ങൾ സ്വന്തമാക്കുന്ന പ്രവർത്തനമാണ് ഗോപാലന്റേത്. ശിവഗിരി മഠത്തിന്റെ ചെന്നൈയിലെ ശ്രീനാരായണ മിഷൻ സ്കൂളും തുറവൂരിലെ ഗൗരിഅമ്മ കോളേജും കൈവശപ്പെടുത്തി. തന്നെ പുറത്താക്കാൻ ഗോകുലത്തിന്റെ ചിട്ടിക്കമ്പനി മാനേജരല്ല താൻ. യോഗം ജനറൽ സെക്രട്ടറി നടപ്പാക്കിയ മൈക്രോഫിനാൻസ് സമുദായ അംഗങ്ങളുടെ സാമ്പത്തിക വളർച്ചയിൽ വിസ്മയമാണ് സൃഷ്ടിച്ചത്. ഈ പണം ചിട്ടിക്കമ്പനി വഴി കൊള്ളപ്പലിശയ്ക്ക് വിതരണം ചെയ്യാനാണ് ഗോപാലന് താത്പര്യം. കോളേജിന്റെ 41അംഗ ഡയറക്ടർ ബോർഡിൽ 31അംഗങ്ങളും തങ്ങളോടൊപ്പമാണ്. ദൈവദശകം പോലും ചൊല്ലാനറിയാത്ത ഗോപാലന് എങ്ങനെ സമുദായ താത്പര്യം സംരക്ഷിക്കാനാകും? ഇന്ന് കോളേജിന്റെ ഡയറക്‌ടർ ബോർഡ് യോഗം ചേരുമെന്നും സുഭാഷ് വാസു പറഞ്ഞു. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് എക്‌സിക്യുട്ടീവ് അംഗങ്ങളായ ബി. മണിലാൽ, ആർ.ശിവാനന്ദൻ, മനോജ് പ്രകാശ് എന്നിവരും പങ്കെടുത്തു.