ആലപ്പുഴ: വേനൽകനത്തതോടെ വൈദ്യുതി പോസ്റ്റുകളിലടക്കം നഗരത്തിൽ അഞ്ചിടത്ത് തീപിടിച്ചു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ വൻദുരന്തങ്ങൾ ഒഴിവായി. ശനിയാഴ്ച രാത്രി ഒമ്പതിനും 11.10നും ആര്യാട് തലവടി പള്ളിമുക്കിലും ആലപ്പുഴ ചുങ്കത്തിനടുത്തെ ഇലക്ട്രിക് പോസ്റ്റുകൾക്കുമാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
ഇന്നലെ ഉച്ചക്ക് 1.35നായിരുന്നു മൂന്നാമത്തെ തീപിടുത്തം. ആലപ്പുഴ കൈചുണ്ടിമുക്കിന് സമീപം അവലകുന്നിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനും സമീപത്തെ പറമ്പിലെ പുല്ലിനും തീപിടിക്കുകയായിരുന്നു. സമീപത്ത് വീടുകൾ ഉള്ളതിനാൽ പരിഭ്രാന്തി പരത്തി. ഉച്ചക്ക് 2.45നായിരുന്നു നാലാമത്തെ തീപിടുത്തം. ആലപ്പുഴ വട്ടയാൽ പള്ളിക്ക് സമീപത്തെ പറമ്പിലെ പുല്ലിനാണ് തീപിടിച്ചത്. സമീപത്തായി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. വൈകിട്ട് 4.30ന് അഞ്ചാമത്തെ തീപിടുത്തം ആലപ്പുഴ വഴിച്ചേരി മുസ്ളിംപള്ളിക്ക് സമീപം പറമ്പിൽ കൂട്ടിയിട്ടിരുന്ന വേസ്റ്റിന് തീ പിടിച്ചു. ഇതിന് സമീപത്തായി തുണിക്കടയും പിവർത്തിച്ചിരുന്നു. നാട്ടുകാർ വിവരം അറിയിച്ച ഉടനെ ആലപ്പുഴ ഫയർ ആൻഡ് റസ്‌ക്യു സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചു അപകടം ഒഴിവാക്കി. അഗ്നിരക്ഷാ സേന അസി. സ്‌റ്റേഷൻ ഓഫിസർ അനികുമാർ, ജി. ഷൈജു. പി.ഡി. സനൽകുമാർ, വിജയ്, അമൽദേവ്, അഖിലേഷ്, എസ്. ബൈജു, ശ്രീജിത്ത്, ടി.സി. സന്തോഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.