
വീട് പുനരുദ്ധാരണം നടത്തി അൽഹിന്ദ് ഇന്നൊവേഷൻസ്
മാന്നാർ: വാതിലും ജനലുമില്ലാത്ത വീട്ടിൽ തനിച്ച് താമസിച്ചിരുന്ന റുക്കിയത്ത് ബീവിക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ ഭയമില്ലാതെ തലചായ്ക്കാം. മാന്നാർ പാവുക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന അൽഹിന്ദ് ഇന്നൊവേഷൻസിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെയാണ് മാന്നാർ കുരട്ടിശ്ശേരി കോവുമ്പുറത്ത് കോളനിയിൽ റുക്കിയത്ത് ബീവിക്ക് വീട് പുനരുദ്ധാരണ പ്രവർത്തനം നടത്തി നൽകിയത്.
പ്രളയഫണ്ടിൽ നിന്നും അനുവദിച്ച രണ്ടുലക്ഷത്തോളം രൂപയിൽ പണി പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ ജനലുകളോ വാതിലുകളോ വീടിന് സ്ഥാപിച്ചിരുന്നില്ല. ജനമൈത്രി പൊലീസിന്റെ സുരക്ഷാഅലാറം പിടിപ്പിച്ചിട്ടുള്ളതിനാലാണ് അധികം ഭയക്കാതെ കഴിഞ്ഞിരുന്നത്.
വീടിന്റെ താക്കോൽദാനം മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി.സുരേഷ്‌കുമാർ നിർവഹിച്ചു. അൽഹിന്ദ് ചെയർമാൻ ജമാലുദ്ദീൻ, കൺവീനർ ഹുസൈൻ പി.എം, ഗ്രാമപഞ്ചായത്തംഗം ഷൈന നവാസ്, ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം, ലത്തീഫ് നാലുപറയിൽ, സുധീർ എലവൻസ്, സജി കുട്ടപ്പൻ, സാഹിബ് മാന്നാർ, നൗഷാദ് വി.എ, അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു.