
ഹരിപ്പാട്: ആർ.എസ്.എസ് പ്രവർത്തകൻ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന കുമാരപുരം പൊത്തപ്പള്ളി ചെട്ടിശേരിൽ വടക്കേതിൽ നന്ദു (കരി നന്ദു-26) വാണ് എറണാകുളം കാക്കനാട് സുഹൃത്തിന്റെ വീട്ടിൽ നിന്ന് പിടിയിലായത്. സൈബർസെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായെന്നും ലഹരിസംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്നും പൊലീസ് പറഞ്ഞു. കുമാരപുരം താല്ലാക്കൽ പടന്നയിൽ കിഴക്കതിൽ ശിവകുമാർ (25), പൊത്തപ്പള്ളി കുമാരപുരം പീടികയിൽ ടോം തോമസ് (27), കുമാരപുരം പൊത്തപ്പള്ളി കടൂർ വീട്ടിൽ വിഷ്ണുകുമാർ (29), കുമാരപുരം എരിക്കാവ് കൊച്ചു പുത്തൻ പറമ്പിൽ സുമേഷ് (33), കുമാരപുരം താമല്ലാക്കൽ പുളിമൂട്ടിൽ കിഴക്കതിൽ സൂരജ് (20), തൃക്കുന്നപ്പുഴ കിഴക്കേക്കര വലിയപറമ്പ് നിഷാ നിവാസിൽ കിഷോർ (34) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.പിടിയിലായവരിൽ സൂരജ് ഒഴികെയുള്ളവർ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ കുമാരപുരം പുത്തൻ കരിയിൽ ദേവീക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളത്തിനിടെയുണ്ടായ തർക്കത്തിലാണ് ശരത്ചന്ദ്രൻ കുത്തേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മനോജ് വെട്ടേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഇപ്പോൾ പിടിയിലായ നന്ദുവാണ് ഇരുവരെയും കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സി.ഐ ബിജു വി നായർ, എസ്.ഐ രാജ് കുമാർ, സി.പി.ഒമാരായ നിഷാദ്, സിദ്ധിഖ്, നിസാം, പ്രേമൻ, പ്രവീൺ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.