
ആലപ്പുഴ: നഗരത്തെ പൂർണമായും മാലിന്യ മുക്തമാക്കി സമ്പൂർണ ശുചിത്വ പദവി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന അഴകോടെ ആലപ്പുഴയുടെ മുദ്രാഗീതം എച്ച്. സലാം എം.എൽ.എ പ്രകാശനം ചെയ്തു. പുന്നപ്ര ജ്യോതികുമാർ രചന നിർവഹിച്ച ഗാനത്തിന് ആലപ്പി ഋഷികേശാണ് സംഗീതം പകർന്നത്. ശ്രുതീഷിന്റെ ഓർക്കസ്‌ട്രേഷനിൽ ഷിബു അനിരുദ്ധ്, സ്മിനി മനോജ് എന്നിവർ ആലപിച്ചു. ഇന്നലെ വൈകിട്ട് ആലപ്പുഴ ബീച്ചിൽ ഒരുങ്ങിയ വേദിയിൽ വിദ്യാർത്ഥികൾ ചേർന്ന് മുദ്രഗീതത്തിന് ദൃശ്യവിഷ്‌കാരണവും അവതരിപ്പിച്ചു. ഗാനം തയ്യാറാക്കിയ കലാകാരന്മാരെയും നഗരസഭയിലെ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തിയ വാർഡുകളിലെ കൗൺ സിലർമാർ പി.എസ്.എം. ഹുസൈൻ, കവിതടീച്ചർ, എം.ആർ. പ്രേം, ക്ലാരമ്മ പീറ്റർ, ഹെലൻ ഫെർണാണ്ടസ്, രമേശൻ, എന്നിവരെ യോഗത്തിൽ ആദരിച്ചു.
നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ സ്വാഗതം പറഞ്ഞു .സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, എ.ഷാനവാസ്, ആർ വിനീത, കൗൺസിലർ എം.ആർ. പ്രേം എന്നിവർ സംസാരിച്ചു.പൊതുജന പങ്കാളിത്തത്തോടെ നഗരസഭയിലെ മുഴുവൻ വീടുകളെയും പ്രദേശങ്ങളെയും മാലിന്യമുക്തമാക്കുയും അടുത്ത ഗാന്ധിജയന്തി ദിനത്തിൽ നഗരത്തിന് സമ്പൂർണ്ണ ശുചിത്വ പദവി കൈവരിക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ പറഞ്ഞു.