മാവേലിക്കര: മണ്ണിനെയും കൃഷിയേയും പ്രണയിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കല്ലുമല മാർ ബസലിയോസ് ഐ.ടി.ഐ ഒരുക്കുന്ന കൃഷിപ്പച്ച കാർഷിക പദ്ധതിയിലെ ആദ്യഘട്ട വിളവെടുപ്പ് നടത്തി. ഐ.ടി.ഐ ചെയർമാൻ ഫാ.എബി ഫിലിപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മാനേജർ ബിനു തങ്കച്ചൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജോർജ് ജോൺ, ട്രഷറർ മാത്യു ജോൺ, ബോർഡ് അംഗം ബേബി തയ്യിൽ, പ്രിൻസിപ്പൽ കെ.കെ.കുര്യൻ തുടങ്ങിയവർ സംസാരിച്ചു. പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രലിലെ ആദ്യഫലത്തിന് നൽകുന്നതിനായാണ് ആദ്യമായി വെണ്ടയ്ക്ക വിളവെടുപ്പ് നടത്തിയത്. പഠനത്തിനൊപ്പം കുട്ടികളിൽ കൃഷിയോടു താത്പര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണു കൃഷിപ്പച്ച പദ്ധതി ആരംഭിച്ചത്.