ആലപ്പുഴ: നഗര സഭയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്ക് തങ്ങൾ നേരിടുന്ന ഗാർഹികവും, സാമൂഹികവും, ആരോഗ്യപരവും, മാനസികവും നിയമപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സഹായത്തിനായി വിളിക്കാൻ നഗരസഭ കോൾ സെന്ററൊരുക്കി.പൊലീസ്, റവന്യു, നിയമ സഹായ വേദി, സാമൂഹ്യനീതി വകുപ്പ്, ജനറൽ ആശുപത്രി എന്നിവയുടെയൊക്കെ പ്രവർത്തനം ഏകോപിപ്പിച്ചാണ് വയോ രക്ഷാ കോൾ സെന്ററിന്റെ പ്രവർത്തനം.വയോധികർ നഗരസഭയുടെ 0477- 225 1792 എന്ന നമ്പരിൽ വിളിച്ചാൽ സഹായം ലഭ്യമാവുന്നതാണ്.ലോക സാമൂഹിക സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ വ്യവസായ - സാമൂഹിക നീതി വകുപ്പുകളുടെ സഹകരണത്തോടെ വിധവകൾക്കും ഭിന്നശേഷി കുഞ്ഞുങ്ങളുടെ അമ്മമാർക്കും വേണ്ടി സ്വയം തൊഴിൽ പരിശീലന ശിൽപ്പശാല നടക്കുന്നു. തുടർ പരിശീലനങ്ങളും സാങ്കേതിക സഹായവും വഴി അടുത്ത 4 വർഷം കൊണ്ട് ഗുണഭോക്താക്കളെ സ്വയം പര്യാപ്തരാക്കി മാറ്റുക എന്നതാണ് പദ്ധതി. ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നഗരസഭ കൗൺസിൽ ഹാളിലാണ് പരിശീലനം. പദ്ധതിയുടെ ഭാഗമായി പ്രത്യേക മോട്ടിവേഷൻ ക്ലാസുമൊരുക്കിയിട്ടുണ്ട്. ചടങ്ങ് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യും. ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷനാവുന്ന ചടങ്ങിൽ ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.ഷാനവാസ് സ്വാഗതം പറയും.സാമൂഹിക നീതി ഓഫീസർ അബിൻ, വ്യവസായ വകുപ്പിന്റെ ട്രെയ്നർ അജിത്ത് കുമാർ എന്നിവർ ക്ലാസുകൾ നയിയ്ക്കും