കുട്ടനാട്: തലവടി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വളർത്തുമൃഗങ്ങളായ പൂച്ചകളും നായ്ക്കുട്ടികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നുവെന്ന് പരാതി. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആക്ഷേപം.
രണ്ടു ദിവസം ഭക്ഷണം കഴിക്കാതെയിരുന്നശേഷം കറങ്ങിവീണും വായിൽ നിന്ന് രക്തംവാർന്നുമാണ് ഇവ ചാകുന്നത്. കഴിഞ്ഞ ദിവസം തലവടി മുണ്ടകത്തിൽപറമ്പിൽ സഹദേവന്റെയും സമീപത്തെ വീടുകളിലെയും പൂച്ചകളും കൂടാതെ ലാബ്, പോമറേനിയൻ മിനിയേച്ചർ ഇനത്തിൽപെട്ട വളർത്തുനായ്ക്കളും രോഗം ബാധിച്ചു ചത്തിരുന്നു. സംഭവം അറിഞ്ഞ് മൃസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ എടുത്തു. വൈറസ് ബാധയാണ് കാരണമെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ പ്രാഥമിക നിഗമനം. രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യയില്ലെന്നും അധികൃതർ പറഞ്ഞു