ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ഗോകുലം ഗോപാലനും കൂട്ടരും വിചാരിച്ചാൽ സാധിക്കില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

നാളുകളായി യോഗത്തെ തളർത്താനും തകർക്കാനും ശ്രമിച്ചിട്ടും ഒരു ചുക്കും നടന്നില്ല. എസ്.എൻ.ഡി.പി യോഗത്തിന്റെ ഫുൾ ഫോം മലയാളത്തിൽ പറഞ്ഞാൽ ഗോകുലം ഗോപാലന് പൂച്ചെണ്ട് നൽകാം. താനുമായി സുഭാഷ് വാസു ഐക്യപ്പെടുകയാണെന്ന വാർത്ത മാദ്ധ്യമങ്ങളിൽ കണ്ടു. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നാണ് പറയുന്നത്. അയാളുടെ കുടുംബത്തിലെ പ്രശ്നം പരിഹരിച്ചോയെന്ന് തനിക്കറിയില്ല. തന്നെയാരും നേരിൽ വന്ന് കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഗോപാലൻ എന്നും ഓരോ ശിഖണ്ഡിയെ മുൻനിർത്തി കളിക്കുകയാണ്. കളിയുടെ അവസാനം തോറ്റുപോകാറുമുണ്ട്. ആദ്യം എം.ബി.ശ്രീകുമാറിനെയും, പിന്നീട് സുഭാഷ് വാസുവിനെയും ഇറക്കി കളിച്ചു. ഗോപാലന്റെ പണം മോഹിച്ച് പോകുന്നവർ അവിടെ ചെല്ലുമ്പോഴാണ് യഥാർത്ഥ സ്വഭാവം മനസിലാക്കുന്നത്. 100 കോടിയോളം ആസ്തിയുള്ള കട്ടച്ചിറ എൻജിനിയറിംഗ് കോളേജ് പത്ത് കോടി രൂപ നൽകി പിടിച്ചെടുക്കാമെന്ന കുതന്ത്രവുമായാണ് ഗോപാലൻ വന്നത്. പാവങ്ങളെ വഞ്ചിച്ച് സമ്പാദ്യമുണ്ടാക്കുന്ന 'കോ വാലൻ' വീട്ടിൽ കയറ്റാൻ കൊള്ളാത്തയാളാണ്. അടുക്കളയിൽ നോക്കുന്ന സ്വഭാവക്കാരനായ ഗോപാലന്റെ പിന്നാലെ പോയവരെല്ലാം അപകടത്തിൽപ്പെട്ടിട്ടുണ്ട്. കൊള്ളപ്പലിശക്കാരനായ ഗോപാലൻ സമൂഹത്തിലെ വലിയ കുറുക്കനാണ്. കുറുക്കൻ കോഴിയെ തിന്നുകയല്ലാതെ വളർത്തിയ ചരിത്രമില്ല.

ഗുരുദേവന് അവകാശപ്പെട്ട മദ്രാസിലെ 400 കോടിയുടെ സമ്പത്ത് ആരുടെ കൈയിൽ എങ്ങനെ പോയെന്ന് ജനങ്ങളറിയണം. ചെല്ലുന്നിടത്ത് ഒട്ടി അവിടം പറിച്ചുകൊണ്ടുപോകുന്ന പാരമ്പര്യമാണ് ഗോപാലനുള്ളത്. എക്കാലവും എല്ലാവരെയും വഞ്ചിച്ച് മാന്യന്മാരായി നടക്കുന്നവർ അനുഭവിച്ചേ മരിക്കൂ. സംഘടനയിലുള്ളവരെല്ലാം തനിക്കൊപ്പമുണ്ട്. യോഗത്തെ തകർക്കാൻ നോക്കിയാൽ നടപ്പില്ല. തിരഞ്ഞെടുപ്പ് നടക്കും. നിലവിലെ സംവിധാനങ്ങൾ പൂർണ തോതിൽ തുടരും. അതിദൂരം അതിവേഗമാകും പ്രസ്ഥാനത്തിന്റെ വളർച്ച. തിരഞ്ഞെടുപ്പ് വിഷയത്തിൽ സർക്കാരിൽ നിന്നുള്ള ഉത്തരവുകൾ ലഭിക്കുന്നുണ്ട്. 32 ലക്ഷം ജനങ്ങളെ അണിനിരത്തി തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ പറയുമോ?തിരഞ്ഞെടുപ്പ് സംബന്ധിച്ച വിധി നോൺ പ്രോഫിറ്റബിളായ എല്ലാ സമുദായ സംഘടനകളെയും ബാധിക്കുന്ന കാര്യമാണ്. പ്രസ്ഥാനത്തിന്റെ രോമത്തിൽ തൊടാൻ പോലും ഗോപാലൻ വിചാരിച്ചാൽ സാധിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.