s

ആലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്‌ളോക്കിലേക്ക് ആവശ്യമായ ജീവനക്കാരെ നിയമിക്കാനുള്ള ഫയൽ ചുവപ്പുനാടയിൽ കുടുങ്ങിയിട്ട് നാലുമാസമായി . ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെ 200 പേരെയാണ് നിയമിക്കേണ്ടത്. ഇത് സംബന്ധിച്ച് കാറ്റഗറി തിരിച്ചുള്ള നിയമന വിവരങ്ങൾ ആലപ്പുഴമെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാലുമാസം മുമ്പ് കൈമാറിയിരുന്നു.

കേന്ദ്രീകൃത ഐ.സി.യുവും ഓപ്പറേഷൻ തിയേറ്റർ സൗകര്യങ്ങളും ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പ്രകൃതി സൗഹൃദ രീതിയിലാണ്. രോഗനിർണയത്തിനായി എത്തിയ മുഴുവൻ യന്ത്രങ്ങളും സർജിക്കൽ ബ്‌ളോക്കിൽ സ്ഥാപിച്ചു പരീക്ഷണാർത്ഥം പ്രവർത്തിപ്പിക്കുകയും ചെയ്തു.

ശേഷിച്ച യന്ത്രങ്ങൾ അടുത്തമാസം ആദ്യവാരം എത്തുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

കേന്ദ്രസർക്കാർ പ്രധാനമന്ത്രി ശ്രം യോഗി മാൻ ധൻ (പി.എം.എസ്.വൈ.എം) പദ്ധതി പ്രകാരം അനുവദിച്ച 150 കോടി ചിലവഴിച്ചാണ് ആറു നിലയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം. 2013ൽ ആരംഭിച്ച നിർമ്മാണം ഒന്നര വർഷം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമെങ്കിലും പലവിധ തടസങ്ങളാൽ നടന്നില്ല. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്ക് പ്രവർത്തിച്ചു തുടങ്ങുന്നതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാധുനിക നിലവാരത്തിൽ ഉയരും. ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലാണ് പി.എംഎസ്.വൈ.എം പദ്ധതി പ്രകാരം തുക അനുവദിച്ചത്. കോഴിക്കോട്ട് ഈ പദ്ധതിയിൽ പൂർത്തീകരിച്ച കെട്ടിടത്തിലാണ് കൊവിഡ് വാർഡ് പ്രവർത്തിക്കുന്നത്.

പുതിയ കെട്ടിടത്തിൽ കിടക്കകൾ: 250

വേണ്ട ജീവനക്കാർ: 200

വിപുലമായ സൗകര്യങ്ങൾ
1. ഓരോ നിലയിലും ഐ.സി.യുവും തിയേറ്ററും പ്രത്യേക വാർഡുകളും

2. 7 ഡിപ്പാർട്ട്‌മെന്റുകളിലെ തീവ്രപരിചരണ വിഭാഗങ്ങളിൽ 50 കിടക്കകൾ

3. ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള മുറികൾ

4. എല്ലാ വിഭാഗത്തിനും പ്രത്യേകം ലൈബ്രറികൾ, സെമിനാർ ഹാളുകൾ

5. പി.ജി പരീക്ഷകൾക്കും മറ്റുമായി പൊതുപരീക്ഷാ ഹാൾ


സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിൽ

ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയോതെറാപ്പി, മെഡിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി, ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, യൂറോളജി, നെഫ്രോളജി

തീവ്രപരിചരണം

കാർഡിയോളജി, മെഡിസിൻ, സർജറി, ന്യൂറോ, കാർഡിയോതെറാപ്പി, ട്രാൻസ് പ്ലാന്റേഷൻ, പോസ്റ്റ് കാത്ത്

'മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാൻ പൂർണ സജ്ജീകരണത്തോടെ മാർച്ചിൽ സൂപ്പർ സ്‌പെഷ്യാലിറ്റി പ്രവർത്തനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

എച്ച്.സലാം എം.എൽ.എ