illustration

രാജ്യത്ത് ഒരു കേസിൽ 38 പേർക്ക് വധശിക്ഷ ലഭിച്ച ആദ്യ സംഭവമാണ് അഹമ്മദാബാദ് സ്‌ഫോടനക്കേസ്. കൂടാതെ 11 പേർക്ക് ജീവപര്യന്തം തടവും. അതിലുപരി ശ്രദ്ധിക്കേണ്ട വസ്‌തുത വധശിക്ഷ ലഭിച്ച മൂന്നു മലയാളികളിൽ രണ്ടുപേർ സഹോദരങ്ങളാണ്. വാഗമൺ സിമി ക്യാമ്പിൽ പങ്കെടുത്ത അവർ ആ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലുമാണ്. കോട്ടയം ഈരാറ്റുപേട്ട പീടിയേക്കൽ ഷിബിലി (41), ഷാദുലി (38), മലപ്പുറം കരുവാങ്കല്ല് ഷറഫുദ്ദീൻ (44) എന്നിവരാണ് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മലയാളികൾ. വിചാരണകോടതിയുടെ വിധിക്ക് മേൽ അപ്പീൽ പോകാനുള്ള അവകാശമുണ്ടെങ്കിലും രാജ്യത്തെ നടുക്കിയ സ്‌ഫോടന പരമ്പരയിലെ വിധിയെ അപൂർവങ്ങളിൽ അപൂർവമെന്ന് വിശേഷിപ്പിക്കാം. 2008 ജൂലായ് 26 ന് അഹമ്മദാബാദ് നഗരത്തിലെ ആശുപത്രി ഉൾപ്പെടെ വിവിധയിടങ്ങളിലായി 22 സ്‌ഫോടനങ്ങളാണ് അരങ്ങേറിയത്. 56 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കേസിലെ 78 പ്രതികളും ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരെന്നായിരുന്നു അന്വേഷണസംഘത്തിന്റെ ആരോപണം. അതിൽ 48 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

കേരളത്തിൽ ഏറ്റവും ചർച്ചയായ ഒരു കേസായിരുന്നു വാഗമൺ സിമി ക്യാമ്പ്. ഈ ക്യാമ്പിൽ വച്ച് അഹമ്മദാബാദ് സ്‌ഫോടനത്തിനായുള്ള ഗൂഢാലോചന നടന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. 2007 ഡിസംബറിലായിരുന്നു വാഗമൺ സിമി ക്യാമ്പ്. സിമി നിരോധിക്കപ്പെട്ട ശേഷം പ്രവർത്തകർ ഇന്ത്യൻ മുജാഹിദ്ദീൻ എന്ന പേരിൽ സംഘടിക്കുകയും സ്‌ഫോടനം ആസൂത്രണം ചെയ്‌തെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. നിരവധി ഭീകരപ്രവർത്തനങ്ങൾക്ക് നാന്ദിക്കുറിക്കുന്ന ക്യാമ്പായിരുന്നു വാഗമണ്ണിലേതെങ്കിലും തെളിവുകളുടെ അഭാവം അന്വേഷണസംഘങ്ങളെ വല്ലാതെ പ്രതിസന്ധിയിലാക്കി. കേരളത്തിൽ കേട്ടിട്ടുപോലുമില്ലാത്ത ഭീകരപ്രവർത്തനമെന്ന വാക്ക് അന്ന് മുതൽ ചിരപരിചിതമായി. പാനായിക്കുളം സിമി ക്യാമ്പ്, കളമശേരി ബസ് കത്തിക്കൽ കേസ് തുടങ്ങിയവ നേരത്തെ അരങ്ങേറിയെങ്കിലും രാജ്യത്ത് സ്‌ഫോടനം ആസൂത്രണം ചെയ്യുകയെന്ന ഭീകരപ്രവർത്തനത്തിലേക്കാണ് വാഗമൺ ക്യാമ്പ് വഴിതുറന്നത്. ഇതിനടുത്ത സ്ഥലമായ ഇൗരാറ്റുപേട്ട സ്വദേശികളാണ് സഹോദരങ്ങളായ ഷിബിലിയും ഷാദുലിയുമെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ഒരു വ്യാഴവട്ടക്കാലത്തിലേറെ കാത്തിരിക്കേണ്ടിവന്നെങ്കിലും 56 നിരപരാധികളുടെ ജീവനെടുത്ത അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസിൽ പ്രത്യേക കോടതി പുറപ്പെടുവിച്ച വിധി ഭീകരവാദ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇരുട്ടിന്റെ ശക്തികൾക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. നിരപരാധികളുടെ ജീവൻ കൊയ്‌താൽ ഭരണാധികാരികൾക്ക് മുന്നറിയിപ്പാകുമെന്നചിന്ത പുലർത്തുന്ന ഭീകരസംഘടനകൾക്ക് പ്രത്യേക കോടതിയുടെ വിധി പാഠമാകുമെന്ന് ആരും കരുതേണ്ട. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേരാണ് ഇത്തരത്തിലുള്ള ഭീകരവാദ സംഘടനകളിൽ അണിചേരുന്നത്. ഷിബിലി, ശാദുലി എന്നിവർ സാങ്കേതിക മേഖലയിൽ ജോലി നോക്കിയിരുന്നവരാണ്. ഭീകരവാദികൾ എപ്പോഴും ലക്ഷ്യം നേടാൻ കരുവാക്കുന്നത് നിരപരാധികളായ ജനങ്ങളെയാണ്. ഒന്നുമറിയാത്ത അവർ തെരുവിൽ ഛിന്നഭിന്നമാകുമ്പോൾ ഭീകരപ്രവർത്തകർ ആനന്ദനൃത്തമാടുകയാണ്. യഥാർത്ഥത്തിൽ അവർ രാജ്യത്തിനു നേരെയാണ് യുദ്ധം ചെയ്യുന്നത്. ഭരണകൂടത്തെ പ്രഹരിക്കാനെന്ന വ്യാജേന സുരക്ഷാഭടന്മാരുമായി ഏറ്റുമുട്ടുക, നഗരങ്ങളിൽ ആളുകൾ കൂടുന്നിടത്ത് ബോംബ് സ്‌ഫോടനങ്ങൾ നടത്തുക തുടങ്ങിയ വിധ്വംസക പരിപാടികളിലൂടെ ജനങ്ങളിൽ പരമാവധി ഭീതി പടർത്താൻ ശ്രമിക്കുന്നു. ഇതിനൊരു അവസാനമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഭരണകൂട‌ങ്ങൾക്കെതിരെയുള്ള പ്രതിഷേധം പലവിധത്തിൽ ഭീകരസംഘടനകൾ ഹൈജാക്ക് ചെയ്യുന്നത് സമീപകാല ഇന്ത്യയുടെ നേർചിത്രമാണ്.

രാജ്യത്തെ ജയിലുകളിൽ കഴിയുന്ന ഭീകരരുടെ എണ്ണം പരിശോധിച്ചാൻ ഞെട്ടിപ്പിക്കുന്നതാണെന്നതിൽ തർക്കമില്ല. അന്വേഷണസംഘങ്ങൾ മികച്ച അന്വേഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും ഭീകരപ്രവർത്തനത്തിന് തെല്ലും കുറവില്ല. പ്രതികളാണെന്ന് മുദ്ര കുത്തപ്പെടുന്നവർ തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുന്നതും സമീപകാല വാർത്തകളാണ്. ഭരണഘടനാപരമായി നിലനിൽക്കുന്ന ഒരു രാജ്യത്തിനും ഭീകരവാദം വച്ചുപൊറുപ്പിക്കാനാവില്ല. ഭീകരവാദം വളരാൻ അനുവദിച്ചാൽ ഫലം ഗുരുതരമായിരിക്കും. വഴിതെറ്റിപ്പോകുന്ന യുവാക്കളെ തടയാൻ സമൂഹത്തിനു കഴിയണം. ഭീകരസംഘടനയിലേക്കുള്ള റിക്രൂട്ട്മെന്റ് തടയാൻ സംസ്ഥാനതലങ്ങളിൽ ശക്തമായ രഹസ്യാന്വേഷണവിഭാഗം അനിവാര്യമാണ്. മതപരമായ വഴികളിലൂടെ നടക്കുന്ന റിക്രൂട്ട്മെന്റിന് തെളിവായി ഒരുപാട് കേസുകൾ കേരളത്തിലുണ്ട്. ചിലർ ശിക്ഷിക്കപ്പെട്ടപ്പോൾ മറ്റു ചിലർ തെളിവുകളുടെ അഭാവത്തിൽ പുറത്തിറങ്ങി. പിന്നീട് ഇവർ മറ്റു പല കേസുകളിലും ഉൾപ്പെട്ട് ജയിലിലായിട്ടുണ്ട് എന്നതാണ് വാസ്‌തവം.

ഭീകരവാദ കേസുകളിൽ അന്വേഷണസംഘങ്ങളുടെ പരാജയവും തിരിച്ചടിയായിട്ടുണ്ട്. അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിൽ ഹൈക്കോടതി വിമർശനങ്ങൾ ചൊരിഞ്ഞത്. ഭീകരവാദ കേസുകൾ അന്വേഷിക്കുമ്പോൾ ജാഗ്രതയും ശക്തമായ തെളിവുശേഖരണവും വേണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് വിധി. കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസിൽ പ്രതികളുടെ കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റപത്രം തയ്യാറാക്കിയ അന്വേഷണ സംഘത്തിന്റെ നടപടികളെയാണ് ഹൈക്കോടതി ചോദ്യംചെയ്‌തത്. ഇരട്ട സ്‌ഫോടനം നടന്നു നാലുവർഷത്തോളം അന്വേഷണ സംഘം ഇരുട്ടിൽ തപ്പിയെന്നും മറ്റൊരു സ്‌ഫോടന കേസിൽ അറസ്റ്റിലായ അബ്ദുൾ ഹാലിം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്നുമുള്ള കോടതിയുടെ നിരീക്ഷണം ഗൗരവമേറിയതാണ്. 'പ്രതികളെ നിർബന്ധിച്ചും പീഡിപ്പിച്ചും തെളിവുകളുണ്ടാക്കുന്നതു നിയമപ്രകാരം അനുവദനീയമാണെങ്കിൽ കഷ്ടപ്പെട്ടുള്ള അന്വേഷണവും തുടർന്നുള്ള സുദീർഘമായ സാക്ഷിവിസ്താരവും രേഖകളുടെ പരിശോധനയുമൊക്കെ പിന്നെന്തിനാണ്? അന്വേഷണം വേണ്ടെന്നു വന്നാൽ പുറത്തിറങ്ങി അന്വേഷണം നടത്താതെ കുറ്റക്കാരുടെ കണ്ണിൽ മുളകുതേച്ച് കേസ് തെളിയിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് അതു സഹായമാകുമെന്ന് ' ക്രിമിനൽ നിയമചരിത്രവുമായി ബന്ധപ്പെട്ട ഒരു പുസ്തകത്തിൽ നിന്ന് വിധിന്യായത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്. നാലുവർഷം കഴിഞ്ഞ് അന്വേഷണം ഏറ്റെടുക്കേണ്ടി വന്ന എൻ.ഐ.എയുടെ സ്ഥിതി മനസിലാകും. എന്നാൽ കുറ്റം തെളിയിക്കാൻ ആവശ്യമായ വസ്തുതകൾ കണ്ടെത്തേണ്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പുറത്തിറങ്ങി അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചില്ലെന്ന് പറയാതിരിക്കാനാവില്ല. സത്യം പുറത്തു കൊണ്ടുവരാൻ അന്വേഷണ ഉദ്യോഗസ്ഥർ മുളകിനെ ആശ്രയിച്ചോ എന്നു പറയാൻ ഒരുമ്പെടുന്നില്ലെന്നും വിധിന്യായത്തിൽ പറയുന്നു. ഇൗ കേസിൽ ദീർഘമായ മൊഴികൾ ഒന്നുമില്ല. പകരം പ്രതികളെ കുറ്റകൃത്യവുമായി ബന്ധപ്പെടുത്തുന്ന മൊഴികൾ മറ്റൊന്നും നോക്കാതെ രേഖപ്പെടുത്തുകയാണ് ചെയ്തത്. തെളിവു നിയമത്തിനു വിരുദ്ധമായി പ്രതികളുടെ മൊഴികൾ പോലും രേഖപ്പെടുത്തി. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയില്ലെന്നു കരുതാനാവില്ല. ഇവയൊക്ക വിമർശിക്കപ്പെടേണ്ടതാണ്. സ്‌ഫോടകവസ്തു നിയമ പ്രകാരം വിചാരണ നടത്താൻ ജില്ലാ മജിസ്‌ട്രേട്ടിന്റെ മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ പാലിച്ചില്ല. പകരം കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടെന്നാണ് വാദിച്ചത്. എന്നാൽ ജില്ലാ മജിസ്‌ട്രേട്ടിന്റെ അനുമതി തന്നെ വേണം. ഇതിന്റെ ഉന്നതാധികാരി കേന്ദ്ര സർക്കാരല്ലെന്നും കോടതി തുറന്നുകാട്ടിയാണ് അന്വേഷണഘട്ടങ്ങളിലെ വീഴ്ചകളാണ്. ഇത്തരത്തിൽ വെറുതെ വിടുന്ന പ്രതികൾ പിന്നീടും ഈ വഴി തന്നെ സഞ്ചരിക്കുന്നുവെന്നതാണ് ബാക്കിപത്രം. ഇതിനൊരു അവസാനമുണ്ടാകണമെങ്കിൽ ഭീകരവാദ കേസുകൾ മാത്രം അന്വേഷിക്കാൻ വൈദഗ്ദ്ധ്യമുള്ള ഒരു അന്വേഷണസംഘം രൂപീകൃതമാകണം. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) രൂപത്തിലും ഘടനയിലും പ്രവർത്തനത്തിലും മാറ്റം വന്നേ മതിയാകൂ.