അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് പണം കൊടുത്ത് ഉപയോഗിച്ചിരുന്ന ശൗചാലയങ്ങൾ അടച്ചുപൂട്ടിയതോടെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനിടമില്ലാതെ രോഗികളുടെ കൂട്ടിരിപ്പുകാരുൾപ്പെടെ വലയുന്നു.
സ്വകാര്യ ലോഡ്ജുകളെയാണ് പലരും ആശ്രയിക്കുന്നത്. ഇവിടെയാകട്ടെ അമിതവാടകയാണ് ഈടാക്കുന്നത്. കുളിച്ച് വൃത്തിയാകാൻ മാത്രമായി ഒരു മണിക്കൂർ നേരത്തേക്ക് മുറിയെടുത്താലും ഒരു ദിവസത്തെ വാടക കൊടുക്കണം. ഇത് 350 മുതൽ 400 രൂപ വരെ വരും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ശൗചാലയങ്ങളോടെ പുതിയ കെട്ടിടം പൂർത്തിയാക്കിയെങ്കിലും വൈദ്യുതി ബന്ധം ലഭ്യമാകാത്തതിനാൽ തുറക്കാനായിട്ടില്ല. വൈദ്യുതി കണക്‌ഷൻ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആശുപത്രി ഇലക്ട്രിക്കൽ വിഭാഗം പൂർത്തീകരിച്ചിട്ടില്ല.
കൊവിഡ് വ്യാപനത്തെ തുടർന്നാണ് നിലവിലുണ്ടായിരുന്ന ശൗചാലയങ്ങൾ അടച്ചുപൂട്ടിയത്. കരാർ നൽകിയതാണ് ഇവ പ്രവർത്തിപ്പിച്ചിരുന്നത്. ഒരു വർഷം 6 ലക്ഷം രൂപയോളം ഈ ഇനത്തിൽ ആശുപത്രി വികസന സമിതിക്ക് വരുമാനം ലഭിച്ചിരുന്നതുമാണ്. അച്ചിട്ടതോടെ ഉപയോഗശൂന്യമായ ശുചിമുറികളുടെ അറ്റകുറ്റപ്പണി നടത്തി നൽകണമെന്ന് പൊതുമരാമത്ത് വിഭാഗത്തെ അറിയിച്ചെങ്കിലും വേണ്ട നടപടികളായിട്ടില്ല.
ആശുപത്രി പരിസരത്ത് ശൗചാലയങ്ങളില്ലാത്തത്ചികിത്സ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അടഞ്ഞു കിടക്കുന്ന ശുചിമുറികൾ എത്രയും വേഗം തുറന്നുകൊടുക്കാനുള്ള നടപടികൾ ഉണ്ടാകണം
- യു.എം.കബീർ അമ്പലപ്പുഴ വടക്ക് പഞ്ചായത്തംഗം