
എൻ.ആർ.സുധർമ്മദാസിന്റെ ഫോട്ടോ പ്രദർശനത്തിന് തുടക്കമായി
ആലപ്പുഴ: ജീവിതത്തിന്റെ നേർസാക്ഷ്യം ഒറ്റ ക്ലിക്കിലൂടെ കാഴ്ചക്കാരന്റെ മനസിലേക്ക് പതിപ്പിക്കാൻ കഴിഞ്ഞ 45 വാർത്താ ചിത്രങ്ങൾ കോർത്തിണക്കിയുള്ള കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസിന്റെ 'ലൈഫ്' ഫോട്ടോ പ്രദർശനത്തിന് ആലപ്പുഴ ലളിതകലാ അക്കാഡമി ഹാളിൽ തുടക്കമായി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മയുടെ ഫോട്ടോയെടുത്ത് പ്രദർശനം ഉദ്ഘാടനം ചെയ്‌തു. ലോകശ്രദ്ധയാകർഷിച്ച, നിരവധി പുരസ്കാരങ്ങൾ നേടിയ ഫോട്ടോകളുൾപ്പെടെ പ്രദർശനത്തിനുണ്ട്. കൈക്കുഞ്ഞിനെ സാഹസികമായി കാലുകൾക്കിടയിൽ വച്ച് മൊബൈൽ ഫോണിൽ പ്രകൃതിദൃശ്യം പകർത്തുന്ന പിതാവ്, ഗോശ്രീ പാലത്തിനടിയിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന അന്യ സംസ്ഥാനക്കാരായ കുട്ടികൾ, സൂക്ഷിക്കാൻ ഏൽപ്പിച്ച ചെരുപ്പുകൾക്ക് നടുവിൽ വിശ്രമിക്കുന്ന ബാലിക തുടങ്ങി വൈവിദ്ധ്യങ്ങളായ ഫോട്ടോകൾ സന്ദർശകരുടെ മനം കവരുന്നു. ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ്, കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്.വിക്രമൻ, കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ, ആലപ്പുഴ പ്രസ് ക്ലബ് പ്രസിഡന്റ് കെ.യു.ഗോപകുമാർ, ചലച്ചിത്ര സംവിധായകൻ ഛോട്ടാ വിപിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 27വരെ കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് രാവിലെ 10.30 മുതൽ വൈകിട്ട് 6.30 വരെയാണ് പ്രദർശനം.
ഞാനും ഫോട്ടോഗ്രാഫർ: വെള്ളാപ്പള്ളി നടേശൻ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഫോട്ടോഗ്രാഫർ കൂടിയാണെന്ന് അധികമാരും അറിയാത്ത വിവരം വെളിപ്പെടുന്നതിന് 'ലൈഫ്' ചിത്രപ്രദർശനവേദി സാക്ഷിയായി. യൗവന കാലത്ത് 2500 രൂപയ്ക്ക് വാങ്ങിയ സ്കൂട്ടറിൽ നാഗർകോവിലിൽ പോയാണ് ഫോട്ടോഗ്രഫി അഭ്യസിച്ചത്. തിരിച്ചെത്തി വീടിനടുത്തുള്ള വായനശാലയോട് ചേർന്ന് ഡാർക്ക് റൂം സജ്ജീകരിച്ച് ഫോട്ടോകളെടുക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ഏറെക്കാലം അത് മുന്നോട്ടു കൊണ്ടുപോകാനായില്ല. ആ പണി അമ്മ കണ്ടെത്തിയതോടെ പൂട്ടിച്ചു. എങ്കിലും ഇന്നും ഫോട്ടോഗ്രാഫിയും ചിത്രകലയും ഏറെ പ്രിയമാണ്. ചിത്രപ്രദർശനത്തിന്റെ ഭാഗമായി വയലാർ ശരത് ചന്ദ്രവർമ്മയുടെ ചിത്രം കാമറയിൽ പകർത്താൻ സാധിച്ചത് ഭാഗ്യമായി കരുതുന്നതായും വെള്ളാപ്പള്ളി പറഞ്ഞു. ശരത് സാഹിത്യത്തിൽ മിടുക്കനാണ്. എന്നാൽ ഫോട്ടോയെടുക്കാൻ മിടുക്കൻ താൻ തന്നെയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കാണുന്നതിന് അപ്പുറത്തേക്ക് മനസിനെ സഞ്ചരിപ്പിക്കുന്ന റിയലിസ്റ്റിക് ചിത്രങ്ങളാണ് സുധർമ്മദാസ് പകർത്തുന്നതെന്ന് വയലാർ ശരത് ചന്ദ്രവർമ്മ പറഞ്ഞു.