
കായംകുളം : സി.പി.എം കായംകുളം ഏരിയാ കമ്മിറ്റിക്കും പാർട്ടി നേതാക്കൾക്കുമെതിരെ വീണ്ടും യു.പ്രതിഭ എം.എൽ.എയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. തിരഞ്ഞെടുപ്പ് കാലത്ത് താൻ ചിലർക്ക് അപ്രിയ സ്ഥാനാർത്ഥിയായിരുന്നെന്നും താഴേത്തട്ടിലുള്ള സഖാക്കളാണ് തുണയായതെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായി നടക്കുന്നുവെന്നുമാണ് പ്രതിഭയുടെ പോസ്റ്റിലുള്ളത്.
തന്നെ തോൽപ്പിയ്ക്കാൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നത് ദുരൂഹമാണ്. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട് ചോർന്നത് കായംകുളത്തു നിന്നാണെന്ന് പ്രതിഭ പറയുന്നു.
തിരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു.എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു.അഭിമാനകരമായി ജയിക്കാൻ കഴിഞ്ഞു.. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട് ചോർന്നുപോയത് കായംകുളത്തു നിന്നാണ്. 2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായി പ്രവർത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിലാകുന്ന കാലം വിദൂരമല്ല.കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല-പ്രതിഭ പറയുന്നു.
പ്രതിഭയ്ക്ക് മറുപടിയില്ല: ഏരിയ സെക്രട്ടറി
പ്രതിഭയ്ക്ക് മറുപടി പറയാനില്ലെന്ന് സി.പി.എം കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷൻ കേരളകൗമുദിയോട് പറഞ്ഞു. മാദ്ധ്യമ പ്രവർത്തകൻ ആശുപത്രി വികസന സമിതി അംഗമായത് കായംകുളം നഗരസഭയിലെ ഭരണ പ്രതിപക്ഷ അംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനപ്രകാരമാണ്. ഇതിൽ പാർട്ടിയ്ക്ക് പങ്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചോർച്ച സംഭവിച്ചിട്ടില്ല. 5000 വോട്ടിന്റെ വർദ്ധനവാണ് ഉണ്ടായത്. 2016 ൽ 46.52 ശതമാനം വോട്ട് ലഭിച്ചപ്പോൾ 2021 ൽ 47.94 ശതമാനം വോട്ട് ലഭിച്ചു. എവിടെയാണ് ചോർന്നതെന്ന് മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.