
ആലപ്പുഴ: മാനത്ത് മഴക്കാറു കണ്ടാൽ മുട്ടറ്റം വെള്ളം പൊങ്ങുന്ന കുപ്പപ്പുറം ഗവ ഹൈസ്ക്കൂളിൽ ഇന്നലെ പ്രകൃതി തുണച്ചു. ഇതോടെ കുട്ടികളും അദ്ധ്യാപകരും സന്തോഷത്തിലായി. ഇടക്കാലത്ത് ഒഫ് ലൈൻ ക്ലാസുകൾ പുനരാരംഭിച്ച വേളയിലും സ്കൂൾ പരിസരത്തെ ചെളിയും വെള്ളവും കുട്ടികളുടെ വരവിന് തടസമായി നിന്നിരുന്നു. ക്ലാസുകൾ മുഴുവൻ സമയമായതോടെ ഭൂരിഭാഗം പേരും സ്കൂളിലെത്തി.നിലവിലെ ഉണങ്ങിയ അന്തരീക്ഷത്തിൽ സ്കൂൾ മുറ്റത്തെ പുതിയ പാർക്കിൽ ഏറെ ആഹ്ലാദത്തോടെയാണ് കുട്ടികൾ സമയം ചെലവഴിച്ചത്. പ്രീ കെ.ജി മുതലുള്ള കുട്ടികൾ സ്കൂളിലെത്തുന്നുണ്ട്. എല്ലാവരെയും മധുരവും വർണക്കടലാസുകളും ബലൂണുകളും നൽകിയാണ് വരവേറ്റത്. 106 വർഷം പഴക്കമുള്ള സ്കൂളിന് എന്നും വെല്ലുവിളിയായി നിൽക്കുന്നത് കാലവർഷമാണ്. പ്രളയ കാലത്ത് സ്കൂൾ ഏറെക്കുറെ പൂർണമായും മുങ്ങിയിരുന്നു. വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നടത്തുന്ന ഒന്നര ഏക്കറിലെ നെൽകൃഷിയും അതോടെ വെള്ളത്തിലായി. എല്ലാവരും തിരിച്ചു വന്നതോടെ, അദ്ധ്യയനത്തിനൊപ്പം കൃഷിയും പുനരാരംഭിക്കാനുള്ള ആലോചനയിലാണ് പ്രഥമാദ്ധ്യാപകൻ പി.അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം.