
ആലപ്പുഴ: മുഴുവൻ സമയ ക്ലാസുകൾ പുനരാരംഭിച്ച ആദ്യ ദിവസം ജില്ലയിലെ വിദ്യാലയങ്ങളിൽ 90 ശതമാനം കുട്ടികളും ഹാജരായി. ഉച്ചവരെ മാത്രം ക്ലാസുകൾ നടന്ന സമയത്ത് ഏറെപ്പേരും സ്കൂളിൽ വരാൻ മടിച്ചിരുന്നു. എന്നാൽ 23 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം എല്ലാ പഴയപടിയാകുമ്പോൾ ഏറെ സന്തോഷത്തിലാണ് കുട്ടികളും അദ്ധ്യാപകരും. ഉച്ചഭക്ഷണ പദ്ധതി ഉൾപ്പടെയാണ് പുനരാരംഭിക്കുന്നത്. പല സ്കൂളുകളും പ്രവേശനോത്സവം കണക്കെയാണ് കുട്ടികളെ വരവേറ്റത്. ലോക മാതൃഭാഷാദിനത്തിൽ ഭാഷാ പ്രതിജ്ഞയോടെയാണ് പഠനം ആരംഭിച്ചത്. വരും ദിവസങ്ങളിൽ മുഴുവൻ കുട്ടികളും എത്തിചേരുമെന്ന പ്രതീക്ഷയിലാണ് സ്‌കൂൾ അധികൃതർ. എല്ലാ സ്‌കൂളുകളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ ക്രമീകരിച്ചത്. ചില സ്‌കൂളുകളിൽ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ശനി, ഞായർ ദിവസങ്ങളിൽ ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി.ആർ ഷൈലയുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരും, സമഗ്ര ശിക്ഷ കേരള ആലപ്പുഴ ഉദ്യോഗസ്ഥരും സ്‌കൂളുകളെ സജ്ജമാക്കുന്നതിന് ഉണർന്ന് പ്രവർത്തിച്ചു.
ആഘോഷത്തോടെയാണ് വിദ്യാലയങ്ങൾ കുട്ടികളെ വരവേറ്റത്. പലയിടത്തും കലാപരിപാടികളും അരങ്ങേറി. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികൾ സ്കൂളിലെത്തുമെന്നാണ് പ്രതീക്ഷ
-എ.കെ.പ്രസന്നൻ, വിദ്യാകിരണം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ