s

ആലപ്പുഴ : സിനിമയോടും താരങ്ങളോടും ആരാധനയുള്ള ലക്ഷക്കണക്കിന് പേരുണ്ടാകും. എന്നാൽ സിനിമാ നോട്ടീസുകളെ ആരാധിച്ച്, ഇന്നും അവ നിധി പോലെ സൂക്ഷിക്കുന്ന ഒരാളുണ്ട്. കെ.എസ്.എഫ്.ഇയിൽ ഓഫീസ് അസിസ്റ്റന്റായ മണ്ണഞ്ചേരി കോരിയംപള്ളിയിൽ കെ.എസ്.ഹാരിസാണ് (52) പത്താം വയസിൽ ആരംഭിച്ച സിനിമാ നോട്ടീസ്, വാരികാ ശേഖരണം ഇന്നും തുടരുന്നത്.

ചങ്ങനാശ്ശേരി ഇത്തിത്താനം തിയറ്റേഴ്സ് പ്രിന്റ് ചെയ്ത് പ്രചരിപ്പിച്ച, 1979ൽ റിലീസായ നസീർ ചിത്രം ഇരുമ്പഴികളുടേത് മുതൽ 90കൾ വരെയുള്ള 1500ലധികം ചലച്ചിത്ര നോട്ടീസുകളാണ് ഫയലാക്കി ഭദ്രമായി ഹാ

രിസ് സൂക്ഷിക്കുന്നത്. സിനിമാ മാസികകൾ, സൂപ്പർ താരങ്ങളുടെ വിയോഗ വാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങൾ, പഴയ കാല തിരഞ്ഞെടുപ്പ് നോട്ടീസുകൾ എന്നിവയാണ് ഹാരിസിന്റെ ശേഖരത്തിലെ മറ്റിനങ്ങൾ.

തിരഞ്ഞെടുപ്പ് നോട്ടീസ് ഒഴികെ മറ്റെല്ലാ പ്രസിദ്ധീകരണങ്ങളും സിനിമയുമായി ബന്ധപ്പെട്ടുള്ളതാണ്. ചങ്ങനാശേരി സ്വദേശിയായ ഹാരിസിന് ചെറുപ്പകാലം മുതലേ സിനിമകളോട് ഏറെ കമ്പമുണ്ടായിരുന്നെങ്കിലും, തിയേറ്ററിൽ പോകാനുള്ള അനുമതി വീട്ടിൽ നിന്ന് ലഭിച്ചിരുന്നില്ല. അങ്ങനെയാണ് നാട്ടിലാകെ പറന്നു നടന്ന നോട്ടീസുകൾ ശേഖരിക്കാൻ തുടങ്ങിയത്. ഇവ ഓരോന്നായി ദിവസവും ഫേസ്ബുക്കിൽ ഇടുകയാണ് ഇപ്പോഴത്തെ പതിവ്. പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട നടി അംബിക, എഴുത്തുകാരൻ മനോഹരൻ വേങ്ങര, കാർട്ടൂണിസ്റ്റുകൾ തുടങ്ങി പലരും ശേഖരത്തിലെ തങ്ങളുടെ ചിത്രങ്ങളുടെയും സൃഷ്ടികളുടെയും ഫോട്ടോ ആവശ്യപ്പെട്ട് വിളിച്ചിരുന്നു.

ഓർമ്മകളിലെ തിയേറ്ററുകൾ

പുതുതലമുറയ്ക്ക് കേട്ട് പോലും പരിചയമില്ലാത്ത തിയേറ്ററുകളുടെ ഓർമ്മ ഹാരിസിന്റെ കൈകളിൽ സുരക്ഷിതമാണ്. തകഴി ശ്രീധർമ്മശാസ്താ തിയേറ്റർ, ഇത്തിത്താനം പുഷ്പ, കുരിശുമൂട് രാഗം, ചങ്ങനാശേരി പോപ്പുലർ, ചേലാമറ്റം നളിനി, കണ്ണൂർ മാമൻതളി, ആലപ്പുഴ വീരയ്യ തുടങ്ങി കാലയവനികയിൽ മറഞ്ഞ തിയേറ്ററുകളുടെ പട്ടിക നീളും. ഏതാനും വർഷങ്ങളിലെ ചില റിലീസുകളുടെ നോട്ടീസുകൾ കൈവശമില്ല. ഫേസ്ബുക്ക് സുഹൃത്തുക്കൾ അവരുടെ കൈവശമുണ്ടായിരുന്നവ അയച്ചു കൊടുത്തിരുന്നു. ഇനിയും അത്തരം നോട്ടീസുകൾ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഹാരിസ്. കൂടാതെ അച്ചടി നിലച്ച മാസികകളായ മനോരാജ്യം, ചിത്രരമ, പൗരധ്വനി എന്നിങ്ങനെ ശേഖരം സമ്പന്നമാണ്. ഭാര്യ: റഹ്മത്ത്. മക്കൾ: അൽത്താഫ്, ആസിഫ്, ഐഷ. ഫോൺ : 9946998281

പ്രേംനസീറും കേരളകൗമുദിയും

പ്രേംനസീറിന്റെ വിയോഗ വാർത്ത പ്രസിദ്ധീകരിച്ച 1989 ജനുവരി 17ലെ 'കേരളകൗമുദി' ദിനപ്പത്രം നിധി പോലെയാണ് ഹാരിസ് സൂക്ഷിക്കുന്നത്. എഡിറ്റോറിയൽ ഉൾപ്പടെ എല്ലാ പേജുകളും നസീറിനെ സംബന്ധിച്ച വാർത്തകളും ചിത്രങ്ങളും മാത്രമായിരുന്നു.