
ആലപ്പുഴ: തുമ്പോളി പള്ളിക്ക് പടിഞ്ഞാറുവശം എ ആൻഡ് അസോസിയേറ്റ്‌സ് എന്ന കയർഫാക്ടറിയിൽ ഇന്നലെ രാവിലെ 8.30ഓടെ വൻ അഗ്നിബാധയുണ്ടായി. 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ആലപ്പുഴ കളപ്പുര ലേഖ നിവാസിൽ ബിന്ദു സുനിലിന്റെ ഉടമസ്ഥതയിലുള്ളതാണ് റബറൈഡ്സ് കയർ തടുക്കുകൾ നിർമ്മിക്കുന്ന ഫാക്ടറി. അഗ്‌നിരക്ഷാസേനയുടെ സമയോചിത ഇടപെടലിലാണ് തീകെടുത്താനായത്. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെത്തി ഫാക്ടറിയുടെ പ്രവർത്തമാരംഭിക്കാൻ തയ്യാറെടുക്കുമ്പോഴായിരുന്നു തീപിടുത്തം.
തടുക്ക് പാക്കിംഗ് നടക്കുന്ന ഭാഗത്തായി വലിയ രീതിയിൽ തീപിടിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനോടു ചേർന്ന് ഗോഡൗണിൽ ഏകദേശം 600 ഓളം പാചകവാതക സിലിണ്ടറുകൾ ഉണ്ടായിരുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിച്ചു. ആലപ്പുഴ നിലയത്തിന് പുറമെ തകഴി, ചേർത്തല, ഹരിപ്പാട് നിലയങ്ങളിൽ നിന്നും ആറ് യൂണിറ്റുകൾ പ്രവർത്തിച്ചാണ് തീകെടുത്താനായത്.
സമീപത്ത് റെയിൽവേ പാത അടക്കാതിരുന്നത് അഗ്‌നിരക്ഷാസേനയ്ക്ക് വേഗത്തിൽ സംഭവസ്ഥലത്ത് എത്തുന്നതിന് സഹായകമായി. സമീപത്തെ തോട്ടിൽ നിന്നും മറ്റും വെള്ളമെടുത്താണ് സേന തീകെടുത്തിയത്. ഫാക്ടറിയുടെ ഏകദേശം 60 ശതമാനം ഭാഗം സംരക്ഷിക്കാൻ സാധിച്ചതായി അഗ്നിരക്ഷാസേനാംഗങ്ങൾ പറഞ്ഞു. ജില്ലാ ഫയർ ഓഫിസർ കെ.ആർ. അഭിലാഷിന്റെ നേതൃത്വത്തിൽ ആലപ്പുഴ സ്റ്റേഷൻ ഓഫിസർ പി.ബി.വേണുകുട്ടൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ആർ.ഗിരീഷ്, സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫിസർമാരായ സി.പി.ഓമനക്കുട്ടൻ, കെ.ആർ.അനിൽകുമാർ, ജയസിംഹൻ , കബീർ ഉൾപ്പടെ 40 ഓളം ഫയർ ആൻഡ് റസ്‌ക്യു ഓഫിസർമാരാണ് ഒരേ സമയം പ്രവർത്തിച്ചത്.