
ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിൽപ്പെട്ട് 1827ാം നമ്പർ ബുധനൂർ കിഴക്ക് ശാഖയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ശാഖയുടെ 50ാംമത് വാർഷികപൊതുയോഗവും ശാഖാവക സോഷ്യൽമീഡിയ ഗ്രൂപ്പിന്റെ 4-ാമത് വാർഷികവും ശാഖാ ഓഡിറ്റോറിയത്തിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ യൂണിയൻ നടപ്പിലാക്കുന്ന വെള്ളാപ്പള്ളി നടേശൻ സ്‌നേഹംഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ശാഖാ അംഗമായ മണ്ണാർതുണ്ടിയിൽ അനിരുദ്ധന്റെ കുടുംബത്തിന് യൂണിയൻ വീടുനിർമ്മിച്ച് നൽകുമെന്ന് അനിൽ പി.ശ്രീരംഗം പറഞ്ഞു. ശ്രീനാരായണ കൺവൻഷൻ, മാതൃപിതൃ കുടുംബസംഗമം, കർമ്മനിരതാ പ്രവർത്തനം മുന്നേറാൻ സംഘടനാ പദ്ധതി, വിദ്യാഭ്യാസ സഹായനിധി, വിവിധ ചികിത്സാ ധനസഹായങ്ങൾ, മെഡിക്കൽ ക്യാമ്പ്, ഭക്ഷ്യകിറ്റുവിതരണം, ഘോഷയാത്ര, ആഡിറ്റോറിയം നവീകരണം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ ഈ കാലയളവിൽ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് കെ.ആർ.മോഹനൻ, വൈസ് പ്രസിഡന്റ് പി.ഡി.രാജു, സെക്രട്ടറി പി.ജെ.പ്രഭ എന്നിവർ പറഞ്ഞു. യൂണിയൻ അഡ്.കമ്മിറ്റി അംഗവും ശാഖാ പ്രസിഡന്റുമായ കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ വൈസ് പ്രസിഡന്റ് പി.ഡി.രാജു, സെക്രട്ടറി പി.ജെ.പ്രഭ, യൂണിയൻ കമ്മറ്റി അംഗം സതീശൻ കെ.ടി, സോഷ്യൽമീഡിയ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ കലേഷ്, വനിതാസംഘം സെക്രട്ടറി സിന്ധു സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം ഹരിദാസ് എന്നിവർ സംസാരിച്ചു. പഠനത്തിന് മികവ് പ്രകടിപ്പിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ കാഷ് അവാർഡ് നൽകി.