
വള്ളികുന്നം: കുടിവെള്ള ക്ഷാമം രൂക്ഷമായത് വള്ളികുന്നത്തിന്റെ കിഴക്കൻ മേഖലയിലെ ജന ജീവിതത്തെ ബാധിക്കുന്നു. കാമ്പിശേരി പത്ത്, പന്ത്രണ്ട് വാർഡുകളിൽപ്പെട്ട പള്ളിക്കുറ്റി, തകരാടി, കോതകര ഭാഗങ്ങളിലാണ് ക്ഷാമം അനുഭവപ്പെടുന്നത്.എല്ലാ വേനൽക്കാലത്തും ഇവിടെ ടാങ്കറിൽ കുടിവെള്ളം എത്തിക്കാറുണ്ട്. എന്നാൽ ഇത്തവണ ഇത് വൈകിയതാണ് പ്രശ്നമായത്.
ആറു വർഷം മുൻപ് ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച വാട്ടർ ടാങ്ക് വഴിയാണ് ഇവിടേയ്ക്ക് ജലമെത്തുന്നത്. ആയിരത്തോളം കുടുംബങ്ങൾക്കാണ് ഇവിടെ കുടിവെള്ള പ്രശ്നമുള്ളത്. ടാങ്കർ സംവിധാനം ഇനിയും വൈകിയാൽ കൂടുതൽ ദു:സ്ഥിതിയിലേക്ക് പോകുമെന്ന് നാട്ടുകാർ പറയുന്നു.
പടയണി വെട്ടത്തെ
ടാങ്ക് പരിഹാരം
ജലജീവൻ പദ്ധതി പ്രകാരം പടയണിവെട്ടത്ത് നിർമ്മിക്കുന്ന ടാങ്കിന്റെ നിർമ്മാണം പൂർത്തിയായാൽ മാത്രമേ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകൂ. മൂന്നു മാസം മുൻപാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.കുടിവെള്ള ക്ഷാമം പോലെ പ്രദേശത്തെ കൃഷിയേയും ജലക്ഷാമം ബാധിക്കുകയാണ്. കനാൽ വഴി ജലം ഒഴുക്കി വിടാത്തതാണ് ദോഷകരമായി മാറുന്നത്. കല്ലട ജലസേചന പദ്ധതി പ്രകാരമുള്ള കനാലുകളാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്.
.....................................
ടാങ്കറിൽ കുടിവെള്ളം എത്തിക്കുവാനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി കഴിഞ്ഞു.മാർച്ച് ആദ്യവാരം തന്നെ ജലം എത്തിക്കുവാൻ കഴിയും.
ഇന്ദു കൃഷ്ണൻ, പഞ്ചായത്തംഗം
എല്ലാ വേനലിലും കുടിവെള്ള ക്ഷാമം ആദ്യമെത്തുന്ന പ്രദേശമാണിത്. ടാങ്കറിൽ വെള്ളം എത്തിക്കുവാനുള്ള നടപടി വേഗത്തിലാക്കണം.
ഷംസുദ്ദീൻ, നാട്ടുകാരൻ
...................................