
മാന്നാർ: മദ്ധ്യതിരുവിതാംകൂറിലെ പ്രധാന മഹാശിവക്ഷേത്രങ്ങളിലൊന്നായ തൃക്കുരട്ടി മഹാദേവർക്ഷേത്രത്തിലെ കിഴക്കേ ഗോപുരവാതിൽ കടന്ന് അകത്തേക്ക് പ്രവേശിച്ചാൽ തിരുമുറ്റവും ആനക്കൊട്ടിലും കഴിഞ്ഞാൽ പ്രദക്ഷിണവഴിയാണുള്ളത്. പ്രദക്ഷിണ വഴിയിലൂടെ നിത്യേന ശിവേലി എഴുന്നെള്ളിപ്പ് ഉണ്ടായിരിക്കും. ചുറ്റമ്പലത്തിന് പുറത്തായി കൂറ്റൻകരിങ്കല്ലുകൾ ചെത്തിമിനുക്കി വളരെമനോഹരമായി പാകിയിരിക്കുന്ന പ്രദക്ഷിണവഴി കിഴക്ക് വശത്ത് ഇടതുംവലതും ഭാഗങ്ങളിൽ വളഞ്ഞ്ചുറ്റിയും പടിഞ്ഞാറ് ഭാഗത്ത് നേരായദിശയിലുമാണ്. വളരെ മുകളിൽനിന്നും വീക്ഷിച്ചാൽ പ്രദക്ഷിണവഴിക്ക് ശിവലിംഗാകൃതിയാണുള്ളതെന്ന് മനസിലാകും. ശിവലിംഗാകൃതിയിലുള്ള പ്രദക്ഷിണവഴി മറ്റൊരുക്ഷേത്രത്തിലും കാണാൻ കഴിയാത്ത ഒന്നാണ്.
പ്രദക്ഷിണവഴിയുടെ കിഴക്ക് വലതു ഭാഗത്തായി ഒരു ശിലയിൽ ശിവഭഗവാന്റെ ജഡയിൽ ധരിച്ചിരിക്കുന്ന നാഗത്തെ അനുസ്മരിപ്പിക്കുമാറ് സർപ്പരൂപം ആലേഖനം ചെയ്തിരിക്കുന്നു. ഇവിടെ ശ്രീകോവിലിന് അഭിമുഖമായി നിന്നാൽ ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്ന താഴികക്കുടം പൂർണമായിക്കണ്ട് നമസ്ക്കരിക്കാം.ശിവരാത്രി ഉത്സവസമാപന ദിവസം പുലർച്ചെ, കത്തിച്ച കർപ്പൂരത്തിലൂടെ ചട്ടം ശിരസിലേറ്റിയുള്ള "ശിവരാത്രിനൃത്തം" ഈ പ്രദക്ഷിണവഴിയുടെ പടിഞ്ഞാറു ഭാഗത്താണ് നടത്താറ്.
#തൃക്കുരട്ടിയിൽ ഇന്ന്
ശ്രീബലി രാവിലെ 7ന്, ഭാഗവതപാരായണം 7.30ന്, സഹസ്ര കലശാഭിഷേകം 10 മുതൽ ഉച്ചയ്ക്ക് 1 വരെ, ദീപാരാധന വൈകിട്ട് 6.30 ന് ,
കളിയാട്ടം-2022 7.30 ന്