
ഹരിപ്പാട്: ആർ.എസ്.എസ് പ്രവർത്തകൻ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ കുമാരപുരം പൊത്തപ്പള്ളി ചെട്ടിശേരിൽ വടക്കേതിൽ നന്ദുവിനെ (കരി നന്ദു-26) തെളിവെടുപ്പിനെത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ സ്ത്രീകൾ അടക്കമുള്ളവർ പ്രതിഷേധവുമായെത്തി.
തുടർന്ന് പൊലീസിന് പ്രതിയെയും കൊണ്ട് തിരികെ പോകേണ്ടിവന്നു. പിന്നീട് കൂടുതൽ പൊലീസുമായെത്തി നാട്ടുകാരെ അനുനയിപ്പിച്ച ശേഷമാണ് തെളിവെടുപ്പ് നടത്തിയത്. ശരത്തിനെ കുത്താൻ ഉപയോഗിച്ച കത്തി അടുത്തുള്ള തോട്ടിൽ വലിച്ചെറിഞ്ഞെന്നാണ് മൊഴി. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. പ്രതിയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തെളിവെടുപ്പ് തുടരുമെന്നും പൊലീസ് പറഞ്ഞു. കേസിൽ നന്ദു ഉൾപ്പടെ ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ കുമാരപുരം പുത്തൻ കരിയിൽ ദേവീക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളത്തിനിടെയുണ്ടായ തർക്കത്തിലാണ് ശരത്ചന്ദ്രൻ കുത്തേറ്റ് മരിച്ചത്.