
മാവേലിക്കര: പ്രശസ്തമായ ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം മാർച്ച് 7ന് നടക്കും. മാർച്ച് 1ന് ശിവരാത്രി ദിനത്തിൽ കെട്ടുകാഴ്ച നിർമ്മാണം ആരംഭിക്കും. അന്നേ ദിവസം കുത്തിയോട്ടവും ആരംഭിക്കും. ഈ വർഷം 8 കുത്തിയോട്ടങ്ങളാണ് ഉള്ളത്. കരകളിൽ നിന്ന് 5 കുത്തിയോട്ടവും മറ്റ് പ്രദേശങ്ങളിൽ നിന്ന് 3 കുത്തിയോട്ടവുമാണ് ഉള്ളത്.
കൺവെൻഷൻ ഭാരവാഹികൾ, കരനാഥൻമാർ, പഞ്ചായത്ത് അധികാരികൾ, ദേവസ്വം അധികാരികൾ, പോലിസ്, ഫയർ ഫോഴ്സ്, ആരോഗ്യ മേഖല, മറ്റ് സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത അവലോകന യോഗം മഹോത്സവം കൊവിസ് മാനദണ്ഡം പാലിച്ച് നടത്തുന്നതിന് തീരുമാനിച്ചു.
മാർച്ച് 17ന് ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ എതിരേൽപ്പ് മഹോത്സവം ആരംഭിക്കും. 29ന് സമാപിക്കും. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടക്കാവ് എന്നിങ്ങനെ കരയുടെ ക്രമത്തിൽ എതിരേൽപ്പ് ഉത്സവം നടക്കും.
ഏപ്രിൽ 30ന് അശ്വതി മഹോത്സവം നടക്കും. ഭഗവതിയുടെ കൊടുങ്ങല്ലൂർ യാത്ര ചോദിപ്പ് ചടങ്ങ് ഉൾക്കൊള്ളുന്ന മഹോത്സവവും കൊവിഡ് മാനദണ്ഡത്തിൽ ആണ് നടത്തുന്നത്. കുട്ടികളുടെ കെട്ടുകാഴ്ചകളാൽ സമൃദ്ധമായ അശ്വതി മഹോത്സവത്തിൽ നാമ്പ് ഉൾപ്പെടെ 20 അടിയിൽ താഴെയുള്ള കെട്ടുകാഴ്ചകൾ മാത്രമേ അനുവദിക്കുകയുള്ളൂ. കെട്ടുകാഴ്ചകൾ സംബന്ധിച്ച് കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് സയുക്ത പൊതുയോഗം തീരുമാനിച്ചു. മേയ് 2ന് രാവിലെ കാർത്തിക ദർശനം നടക്കും. രാവിലെ 11 മുതൽ വൈകിട്ട് 6 വരെയാണ് ദർശനം.