
ആലപ്പുഴ : വേനൽ കടുത്തതോടെ വഴിയോരങ്ങളിൽ ശീതളപാനീയ കച്ചവടവും ഉഷാറായി. പതിവുപോലെ, തണ്ണിമത്തനും പൊട്ടുവെള്ളരിയുമാണ് കച്ചവടശാലകളിലെ താരങ്ങൾ.തണ്ണിമത്തന് രണ്ടാഴ്ച മുമ്പുള്ളതിനേക്കാൾ വില കുറഞ്ഞത് ആശ്വാസം പകരുന്നു. വേനൽച്ചൂടിനെ പ്രതിരോധിക്കാൻ പൊട്ടുവെള്ളരിയോളം വരില്ല മറ്റൊന്നും.
കഞ്ഞിക്കുഴി, തൃശ്ശൂർ, പാലക്കാട്, നെടുമ്പാശ്ശേരി, മാഞ്ഞാലി, കൊടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പാടങ്ങളിൽ പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്. കർണാടക, തമിഴ്നാട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് തണ്ണിമത്തൻ എത്തുന്നത്. സാധാരണ തണ്ണിമത്തന് ഒന്നര ആഴ്ച മുമ്പ് കിലോയ്ക്ക് 40ഉം കിരണിന് 45ഉം രൂപ നിരക്കിലാണ് വില്പന നടത്തിയത്. ഇന്നലെ ആലപ്പുഴ നഗരത്തിൽ യഥാക്രമം ഇത് 20ഉം 25 രൂപയായിരുന്നു. മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരൺ ഇനം തണ്ണിമത്തനോടാണ് ഗാർഹിക ഉപഭോക്താക്കൾക്കിടയിൽ പ്രിയം.
പൊട്ടുവെള്ളരി കിലോഗ്രാമിന് 60രൂപ നിരക്കിലാണ് വിൽക്കുന്നത്. പൊട്ടുവെള്ളരിയുടെ ഒരു ഗ്ളാസ് ജൂസിന് 30രൂപയാണ് വില. വഴിയോര കച്ചവടശാലകളിൽ 15മുതൽ 25 രൂപ വരെയാണ് ഒരു ഗ്ലാസ് തണ്ണിമത്തൻ ജൂസിന് ഈടാക്കുന്നത്. വേനൽ കടുക്കുന്നതോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് തണ്ണിമത്തൻ വ്യാപാരികളുടെ പ്രതീക്ഷ. കരിക്കിനും ആവശ്യക്കാരേറെയാണെങ്കിലും നാടൻ കരിക്കിന്റെ ലഭ്യത നന്നേകുറവാണ്. സംസ്ഥാനത്ത് നാളികേരത്തിന്റെ വിലകൂടിയത് കാരണം തമിഴ്നാട്ടിൽ നിന്നാണ് കരിക്ക് കൂടുതലായി എത്തുന്നത്. 40 രൂപയാണ് ഒരു കരിക്കിന് ഇപ്പോൾ വില.
തണ്ണിമത്തൻ പ്രിയ വേനൽഫലം
 പോക്കറ്റിലൊതുങ്ങുന്ന വില തണ്ണിമത്തനെ പ്രിയപ്പെട്ടതാക്കുന്നു
 ശരീരത്തിൽ ജലാംശം നിലനിറുത്താൻ തണ്ണിമത്തൻ ഉത്തമം
 ശരീര താപനിലയെ നിയന്ത്രിച്ചു നിറുത്തും
 പൊട്ടാസ്യം കൂടുതലുള്ളതിനാൽ കിഡ്നി രോഗികൾക്ക് ദോഷം
 പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവ് കൂട്ടും
തണ്ണിമത്തൻ വില രൂപയിൽ (കിലോഗ്രാമിന് )
സാധാ തണ്ണിമത്തൻ............₹20
കിരൺ...................................₹ 25
മഞ്ഞതണ്ണിമത്തൻ................₹35
പൊട്ടുവെള്ളരി (കിലോഗ്രാമിന്).............₹60
ജൂസ് നിരക്ക് (രൂപയിൽ)
പൊട്ടുവെള്ളരി.......... ₹30
തണ്ണിമത്തൻ............ ₹15-20
മിക്സഡ് ഫ്രൂട്ട്സ് .........₹ 50
ഫ്രഷ് ജൂസ് .................₹ 40
(ഓറഞ്ച്,ആപ്പിൾ, പൈനാപ്പിൾ,മുന്തിരി,ഷമാം)
"കഴിഞ്ഞ 12വർഷമായി പൊട്ടുവെള്ളരിയും ജൂസും വിൽക്കുന്നുണ്ട്. ഡിസംബർ മുതൽ മേയ് വരെയുള്ളകാലയളവിലാണ് പൊട്ടുവെള്ളരിക്കും ജൂസിനും പ്രിയമേറുന്നത്. വിളവെടുപ്പ് സമയമായതിനാൽ വില ഇപ്പോൾകുറവാണ്. കൊടുങ്ങല്ലൂർ, കഞ്ഞിക്കുഴി എന്നിവടങ്ങളിൽ നിന്നുള്ള പൊട്ടുവെള്ളരിക്കാണ് ആവശ്യക്കാർ കൂടുതൽ.
- ഫിലാൽ, കടയുടമ, ആലപ്പുഴ
"തണ്ണിമത്തന്റെ സീസൺ ആരംഭിച്ചു. ഇപ്പോൾ ആന്ധ്രയിൽ നിന്നുള്ള തണ്ണിമത്തനാണ് ജില്ലയിൽ എത്തുന്നത്. ആഴ്ചയിൽ പത്ത് ടൺ വീതമുള്ള മൂന്ന് ലോഡ് സാധാ തണ്ണിമത്തനും കിരണും എത്തുന്നുണ്ട്. ഒരു ലോഡ് ഒന്നര ദിവസം കൊണ്ട് ചെലവാകും. വരും ദിവസങ്ങളിൽ ഒരു ദിവസം ഒരുലോഡ് വേണ്ടിവരും
- ഷെബീർ, തണ്ണിമത്തൻ മൊത്ത വ്യാപാരി, ആലപ്പുഴ