
കുറഞ്ഞ വിലയ്ക്കെത്തുന്നത് ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ
ആലപ്പുഴ: ഗുണമേന്മയുള്ള കാലത്തീറ്റയുടെ വില വലിയതോതിൽ വർദ്ധിച്ചതോടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അംഗീകാരമില്ലാത്ത കാലിത്തീറ്റ ജില്ലയിലെ വിപണിയിൽ സുലഭമായി ലഭിച്ചു തുടങ്ങി. ഭക്ഷ്യവസ്തുക്കളിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിമ്മിച്ച ശേഷം ലഭിക്കുന്ന അവശിഷ്ടങ്ങൾ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന കാലിത്തീറ്റയാണ് വിപണിയിൽ വിലകുറച്ച് എത്തിക്കുന്നത്. മിൽമയുടെ ഗുണനിലവാരമുള്ള ഗോൾഡ് കാലിത്തീറ്റക്ക് 1300രൂപയും ഗോമതിക്ക് 1240രൂപയുമാണ് 5 കിലോഗ്രാമിന്റെ ഒരു ചാക്കിന് വില. ചില പ്രമുഖ സ്വകാര്യകമ്പനികളുടെ കാലിതീറ്റക്ക് 1250രൂപയേ വിലയുള്ളൂ. എന്നാൽ ഗുണനിലവാരം കുറഞ്ഞ കാലിത്തീറ്റയ്ക്ക് 50കിലോയ്ക്ക് 1100രൂപയിൽ താഴെ നൽകിയാൽ മതി.
വിലക്കുറവിന്റെ പേരിൽ ഇത്തരം കാലിത്തീറ്റ കൊടുക്കുന്നതോടെ പശുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും പാൽ ഉത്പാദനക്ഷമത കുറയുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി.
സാധാരണ കാലിത്തീറ്റയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കിട്ടുന്നതിനാൽ പല ക്ഷീരകർഷകരും നിലവാരം കുറഞ്ഞ തീറ്റയാണ് ഇപ്പോൾ കാലികൾക്ക് നൽകുന്നത്. തമിഴ്നാട്, മംഗലാപുരം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഇത്തരം കാലിത്തീറ്റകളെത്തുന്നതെന്നാണ് കർഷകർ പറയുന്നത്. ഇവരുടെ ഏജന്റുമാർ ക്ഷീരകർഷകരുടെ വീടുകളിലെത്തി കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ എത്തിക്കാമെന്ന് പറഞ്ഞ് ഓർഡറുകൾ സ്വീകരിക്കും. ഓർഡറെടുത്ത ശേഷം ആവശ്യക്കാർക്ക് ഒന്നിച്ച് എത്തിച്ചുനൽകുകയാണ് പതിവ്.
ഉപയോഗിക്കുന്നത് അവശിഷ്ടങ്ങൾ
ബിയർ ഉത്പാദിപ്പിച്ചശേഷം ഡിസ്റ്റിലറികളിൽനിന്ന് പുറംതള്ളുന്ന അവശിഷ്ടങ്ങളാണ് ഇത്തരം കാലിത്തീറ്റ നിർമാണത്തിന് കൂടുതലായി ഉപയോഗിക്കുന്നത്. ചോളം, കപ്പ,ഗോതമ്പ് തുടങ്ങിയവ സംസ്‌കരിച്ചശേഷം കിട്ടുന്ന അവശിഷ്ടങ്ങൾ കൊണ്ടും കാലിത്തീറ്റകൾ നിർമിക്കാറുണ്ട്. പോഷകം കുറഞ്ഞതും ജലാംശം അടങ്ങിയതുമായ ഇത്തരം ജൈവവസ്തുക്കൾ വളരെ വേഗം കേടാകാനും സാദ്ധ്യതയുണ്ട്. ഇവകേടാകാതിരിക്കാൻ വൻതോതിൽ രാസപദാർത്ഥങ്ങളും ചേർക്കും. ഇതിന് പുറമേ ചില പ്രത്യേക ഇനം പിണ്ണാക്കു കൊണ്ടുള്ള ഗില്ലറ്റുകൾ ഉത്പാദിപ്പിച്ച് കർഷകർക്ക് കുറഞ്ഞ വിലക്കു നൽകുന്നുണ്ട്.
ഗുണനിലവാരമില്ലാത്ത കാലിത്തീറ്റ കഴിച്ചാൽ
1. കാലികൾക്ക് ആരോഗ്യ പ്രശ്നം ഉണ്ടാകും
2. വയറിളക്കം, ദഹന സ്തംഭനം എന്നിവയ്ക്ക് സാദ്ധ്യത
3. പാൽ ഉത്പാദനവും കൊഴുപ്പും കുറയും
4. പ്രത്യുത്പാദന ശേഷി കുറയും
5. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാകും
6. കാലികൾക്ക് മരണം വരെ സംഭവിക്കാം
കാലിത്തീറ്റ വില (50കിലോ ചാക്കിന്)
മിൽമാ ഗോൾഡ്..................................................₹1300
മിൽമാ റിച്ച്............................................................₹1240
അംഗീകൃത സ്വകാര്യകമ്പനികളുടേതിന് ......... ₹1250
അംഗീകാരം ഇല്ലാത്ത കാലിത്തീറ്റയ്ക്ക് ..................₹ 1100
ഗുണനിലവാരം ഇല്ലാത്ത കാലിത്തീറ്റകൾ കഴിക്കുന്ന കാലികൾക്ക് ആരോഗ്യപ്രശ്നം ഉണ്ടാകും. ഇത് ദഹനപ്രക്രിയയെപ്പോലും ബാധിച്ച് കാലികളുടെ ജീവൻ പോലും അപകടത്തിലാകും. കുറഞ്ഞലാഭം നോക്കി പോയാൽ പാൽ ഉത്പാദനം കുറയുകയും ചെയ്യും
- ഡോ. വാഹിദ്, വെറ്ററിനറി വിഭാഗം