ആലപ്പുഴ: ബൈപ്പാസ് മേൽപ്പാലത്തിന് താഴെ റോഡ് അവസാനിക്കുന്നതറിയാതെ വാഹനങ്ങൾ ചീറിപ്പാഞ്ഞ് വരുന്നത് അപകട സാദ്ധ്യത ഉയർത്തുന്നു. ബീച്ച് റോഡിൽ ഇ.എസ്.ഐ ജംഗ്ഷൻ മുതൽ തെക്കോട്ടുള്ള വഴിയാണ് റെയിൽവേ പാളത്തോട് ചേർന്ന് അവസാനിക്കുന്നത്. ബീച്ച് റോഡ് വഴി കോട്ടയം, തിരുവനന്തപുരം ഭാഗത്തേക്കുള്ള സ്വകാര്യ വാഹന യാത്രികർ വഴി അവസാനിക്കുന്നതറിയാതെ ഇവിടേക്ക് കുതിച്ചെത്തുന്നതാണ് വെല്ലുവിളി. റെയിൽപാളത്തോട് ചേർന്നുള്ള പറമ്പ് പ്രദേശത്തെ കുട്ടികൾ കളിക്കളമായി ഉപയോഗിക്കുന്നതാണ്. തിരക്കൊഴിഞ്ഞ പ്രദേശമായതിനാൽ അമിത വേഗതയിലെത്തിയ കാർ കഴിഞ്ഞ ദിവസം ഒരു കുട്ടിയെ ഇടിച്ചിടാൻ പോയിരുന്നു. വാഹനം സഡൻ ബ്രേക്കിട്ട് നിർത്താൻ സാധിച്ചതിനാൽ തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. ഇത്തരം സംഭവങ്ങൾ പതിവായതോടെ, ജംഗ്ഷൻ കേന്ദ്രീകരിച്ച് 'സ്റ്റോപ്പ് ' സൂചനാ ബോർഡ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇരുപതോളം കുടുംബങ്ങൾ പ്രദേശത്ത് താമസിക്കുന്നുണ്ട്.
എല്ലാ ദിവസവും ധാരാളം വാഹനങ്ങളാണ് വഴി അവസാനിക്കുന്നതറിയാതെ ഇവിടേക്ക് എത്തുന്നത്. തിരുവനന്തപുരം റൂട്ടിലെ യാത്രികരാണ് അധികവും. തിരക്കില്ലാത്ത പ്രദേശമായതിനാൽ മിക്ക വാഹനങ്ങളും അമിത വേഗതയിലാണ് വരുന്നത്. അടിയന്തരമായി സ്റ്റോപ്പ് ബോർഡ് സ്ഥാപിച്ച് അപകടസാദ്ധ്യത കുറയ്ക്കണം
- സന്ദീപ്, പ്രദേശവാസി
റോഡ് അവസാനിക്കുന്ന ഭാഗത്തോട് ചേർന്ന് ബൈപ്പാസിന്റെ ഭാഗമായി ദേശീയ പാത അതോറിട്ടി ഇന്റർലോക്ക് പാകുമെന്ന് ഉറപ്പുനൽകിയിരുന്നതാണ്. ഇത് മൂലം കാന നിർമ്മാണം ഉൾപ്പടെ തടസപ്പെട്ടു. സൂചനാ ബോർഡ് സ്ഥാപിക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്. ഇത് സംബന്ധിച്ച് ട്രാഫിക് അധികൃതർക്ക് അപേക്ഷ നൽകും
-പ്രഭാ ശശികുമാർ, കൗൺസിലർ, റെയിൽവേ സ്റ്റേഷൻ വാർഡ്