ആലപ്പുഴ: സ്കൂളുകളിൽ ക്ളാസ് പൂർണമായും തുറന്നതിന് പിന്നാലെ സ്വകാര്യ ബസുകളിലെ വിദ്യാർത്ഥികളുടെ യാത്രാപ്രശ്നം വീണ്ടും സജീവമാകുന്നു. ബസുകളിൽ
വിദ്യാർത്ഥികളെ കയറ്റിയില്ലെന്ന പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് ഇടപെട്ടു. നഗരത്തിലെ വിവിധ സ്കൂൾ അധികൃതർ രേഖാമൂലം പരാതി നൽകിയതിനെ തുടർന്നാണ് സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് സ്വകാര്യ ബസ് അസോസിയേഷൻ ഭാരവാഹികളെ വിളിപ്പിച്ചത്. ഒരു വിദ്യാർത്ഥിക്ക് പോലും യാത്രാ വിലക്ക് ഏർപ്പെടുത്തില്ലെന്ന ഉറപ്പ് ഭാരവാഹികൾ പൊലീസ് മുമ്പാകെ നൽകി. പുതിയ നിരക്ക് പ്രാബല്യത്തിൽ വരാത്തതിനാൽ നിലവിൽ വാങ്ങിയിരുന്ന രണ്ട് രൂപ കൺസെഷൻ നിരക്കിൽ വിദ്യാർത്ഥികൾക്ക് യാത്ര തുടരാം. യൂണിഫോമോ ഐ.ഡി കാർഡോ നിർബന്ധമായും ഹാജരാക്കണം. യാത്രക്കാർ പൊതുവേ കുറവുള്ള കൊവിഡ് കാലത്ത്, വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിൽ യാതൊരു എതിർപ്പും പ്രകടിപ്പിച്ചിട്ടില്ലെന്നാണ് സ്വകാര്യ ബസ് ഉടമകൾ വാദിച്ചത്. എന്നാൽ നഗരത്തിലെ പല സ്റ്റോപ്പുകളിലും വിദ്യാർത്ഥികളെ കയറ്റാതെ ബസുകൾ പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു.
കൂട്ടമാണ് പ്രശ്നം
കുട്ടികൾ കൂട്ടമായി കയറാൻ വരുന്നതാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് ഇടയാക്കുന്നതെന്ന് സ്വകാര്യ ബസുകാർ പറയുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഭൂരിഭാഗം ബസുകളും നിരത്തിൽ സർവീസിന് ഇറങ്ങിയിട്ടുണ്ട്. ആവശ്യത്തിന് ബസുള്ളതിനാൽ യാത്രാക്ലേശത്തിന് സാഹചര്യമില്ല. കുട്ടികൾ സംഘമായി ഒരേ ബസിൽ കയറാൻ ശ്രമിക്കാതെ പല ബസുകളിൽ കയറിയാൽ വിദ്യാർത്ഥികളെയും മറ്റ് യാത്രക്കാരെയും ഒരുപോലെ പരിഗണിക്കാനാകുമെന്ന് ബസ് അധികൃതർ പറയുന്നു. സ്കൂൾ സ്റ്റോപ്പുകളിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതിന് സ്കൂൾ മാനേജ്മെന്റും പി.ടി.എയും മേൽനോട്ടം വഹിക്കണമെന്നും ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
മിനിമം കൺസെഷൻ നിരക്ക്
2 രൂപ
വിദ്യാർത്ഥികളെ ഒരു ബസിലും തടയില്ല. കെ.എസ്.ആർ.ടി.സി സ്റ്റോപ്പുകളിൽ നിർത്താതെ പോയാൽ പോലും ആർക്കും പരാതിയില്ല. സ്കൂൾ അധികൃതരുടെ മേൽനോട്ടത്തിൽ കുട്ടികളെ ബസ് കയറ്റണമെന്ന നിർദേശം മുന്നോട്ട് വച്ചിട്ടുണ്ട്.
പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ്,
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ
വിവിധ സ്കൂളുകളിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബസ് സംഘടനാ ഭാരവാഹികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. വിദ്യാർത്ഥികളുടെ യാത്രാസൗകര്യം നിഷേധിക്കില്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
എസ്.ഐ, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ