ഹരിപ്പാട്: കരുതൽ ഉച്ചയൂണ് കൂട്ടായ്മ ഏറ്റെടുക്കുന്ന മുപ്പതാമത് വിവാഹ മേൽനോട്ടച്ചടങ്ങ് 24ന് ഓച്ചിറയിൽ നടക്കും.
വിവാഹച്ചെലവുകൾ താങ്ങാനാവാതെ ഞെരുങ്ങുന്ന കുടുംബാംഗങ്ങൾക്ക് താങ്ങാവുകയാണ് വിവാഹ മേൽനോട്ടത്തിലൂടെ കരുതൽ ഉച്ചയൂണ് കൂട്ടായ്മ.
എറണാകുളം മുതൽ പുനലൂർ വരെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ കൂട്ടായ്മ വിവാഹ ഉത്തരവാദിത്വം ഏറ്റെടുത്തു. വധുവിന് ധരിക്കാനുള്ള വസ്ത്രങ്ങൾ, വിവാഹ ഭക്ഷണം, പന്തൽ തുടങ്ങിയവ ചെലവുകളാണ് കൂട്ടായ്മ ഏറ്റെടുക്കുന്നത്. വിവാഹ സൽക്കാരത്തിനാവശ്യമായ സന്നാഹമാണ് പ്രധാനമായും സംഘടന ഒരുക്കുക. അശ്രാന്ത പരിശ്രമത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും വേദികളാവുകയാണ് ഓരോ വിവാഹമേൽനോട്ട സംരംഭവുമെന്ന് ഉച്ചയൂണ് കരുതൽ കൂട്ടായ്മയുടെ മുഖ്യസംഘാടകനായ ഷാജി കെ. ഡേവിഡ് പറഞ്ഞു. പിതാവ് നഷ്ടപ്പെടുകയും രോഗിയായ മാതാവിന്റെ സംരക്ഷണയിൽ വളരുകയും ചെയ്ത ഒരു പെൺകുട്ടി വിവാഹ വേളയിൽ സദ്യക്കുള്ള ഭാരിച്ച ചെലവിനെക്കുറിച്ച് സൂചിപ്പിച്ചതാണ് ഇങ്ങനെയൊരു ദൗത്യത്തിന്റെ തുടക്കം. 24 ന് ഓച്ചിറ വലിയകുളങ്ങര ദേവീക്ഷേത്രത്തിൽ നടക്കുന്ന മുപ്പതാമത് വിവാഹമേൽനോട്ട പരിപാടി ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് കരുതൽ ഉച്ചയൂണ് കൂട്ടായ്മ. വിവാഹമേൽനോട്ട ഏർപ്പാടുകളുടെ പൂർത്തീകരണം കഴിഞ്ഞ് ഉച്ചയൂണ് കൂട്ടായ്മ നിർമ്മിച്ചു നല്കുന്ന മുപ്പത്തി ഒമ്പതാമത് ഭവനത്തിന്റെ താക്കോൽ ദാനം 27ന് തൃക്കുന്നപ്പുഴയിൽ നടക്കും.