ഓച്ചിറ: കുഞ്ഞുങ്ങൾക്ക് വായനയുടെ ലോകത്തേക്ക് പറന്നിറങ്ങാൻ പുസ്തകക്കൂട് ഒരുക്കി എൻ. എസ്. എസ് വോളണ്ടിയർമാർ. പ്രയാർ ആർ. വി. എസ്. എം. എച്ച്. എസ്. എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് എൽ. പി സ്കൂളിനോടനുബന്ധിച്ച് പുസ്തകക്കൂട് സ്ഥാപിച്ചത്. ഇരുന്നൂറിലധികം ബാലസാഹിത്യ കൃതികളാണ് പുസ്തക്കൂടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾ യഥേഷ്ടം പുസ്തകങ്ങൾ എടുത്ത് വായിച്ചു കഴിഞ്ഞതിനു ശേഷം തിരികെ പുസ്തകകൂട്ടിൽ വയ്ക്കുന്ന തരത്തിലാണ് പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നാഷണൽ സർവീസ് സ്കീമിന്റെ അക്ഷരദീപം വായിച്ചു വളരാം പദ്ധതിയുടെ ഭാഗമായാണ് പുസ്തകക്കൂട് ഒരുക്കിയത്. പദ്ധതി സ്‌കൂൾ മാനേജർ പ്രൊഫ. കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി ടി എ പ്രസിഡന്റ് ബി. ഹരിമോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ജയശ്രീ ജി, എച്ച്. എം പി. മായ, എൽ. പി. എസ് പ്രിൻസിപ്പൽ ശ്രീലത. എൽ, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ എസ്. വിമൽ കുമാർ, അഡ്വൈസറി ബോർഡ് അംഗം കിരൺ അരവിന്ദ്, സ്റ്റാഫ് സെക്രട്ടറി ശാരിക എസ്, വോളന്റിയർ ലീഡർമാരായ നന്ദു, അതുൽ വിനയ്, അനുഷ്ക അനിൽ കുമാർ, ലക്ഷ്മി കൃഷ്ണ എന്നിവർ സംസാരിച്ചു.